മദ്യലഹരിയില്‍ യുവതിയെ മര്‍ദ്ദിച്ചു ; മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പഴ്‌സണല്‍ സ്റ്റാഫംഗത്തിന്‍റെ മകന്‍ അറസ്റ്റില്‍

മദ്യലഹരിയില്‍ യുവതിയെ കാറില്‍വെച്ച് മര്‍ദിച്ചയാള്‍ അറസ്റ്റില്‍. മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പഴ്‌സണല്‍ സ്റ്റാഫംഗത്തിന്‍റെ മകനും അഭിഭാഷകനുമായ അശോക് ആണ് അറസ്റ്റിലായത്. യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചതിനും മര്‍ദിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

വെള്ളിയാഴ്ച വൈകീട്ടാണ് അശോക് യുവതിയെ മര്‍ദിച്ചത്. തിരുവനന്തപുരം ലോ കോളേജ് ജംഗ്ഷനില്‍ നിന്നും ജനറല്‍ ആശുപത്രിയിലേക്ക് പോകുന്ന റോഡിലാണ് സംഭവം. നിലവിളി കേട്ട നാട്ടുകാർ യുവതിയെ കാറിനുള്ളില്‍ മർദ്ദിക്കുന്നതാണ് കണ്ടത്. ഇതിനിടെ യുവാവ് യുവതിയെ കാറില്‍ നിന്നിറക്കി നാട്ടുകാരുടെ മുന്നില്‍ വീണ്ടും മർദ്ദിച്ചു. സ്കൂട്ടറിലെത്തിയ രണ്ട് യുവതികള്‍ സംഭവം ഒത്തുതീർപ്പാക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാർ അനുവദിച്ചില്ല. അഭിഭാഷകനാണെന്നും മുന്‍മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫിന്‍റെ മകനാണെന്നും പറഞ്ഞ് യുവാവ് നാട്ടുകാരോട് തട്ടിക്കയറി. തുടർന്ന് നാട്ടുകാർ വിവരം  പൊലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ മ്യൂസിയം പൊലീസ് അശോകിനെയും യുവതിയേയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

യുവതിയുടെ പരാതിയിലാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കല്‍ സ്ത്രീകള്‍ക്ക് മർദ്ദനം മദ്യപിച്ച് വാഹനമോടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സ്ത്രീപക്ഷ കേരളം പ്രചരണ പരിപാടി സംഘടിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചതിന് പിന്നാലെയാണ് മുന്‍മന്ത്രിയും കഴക്കൂട്ടത്ത് നിന്നുള്ള  സിപിഎം എംഎല്‍എയുമായ കടകംപ്പള്ളി സുരേന്ദ്രന്‍റെ പഴസണല്‍ സ്റ്റാഫിന്‍റെ മകന്‍ മദ്യലഹരിയില്‍ യുവതിയെ മർദ്ദിച്ചത് പാർട്ടിക്കുള്ളില്‍ ചർച്ചാ വിഷയമായിരിക്കുന്നത്.

 

Comments (0)
Add Comment