അമ്മയെ മകന്‍ കഴുത്തറത്ത് കൊന്നു; മൃതദേഹം കത്തിക്കാനും ശ്രമം; വില്ലന്‍ മദ്യം

Jaihind News Bureau
Thursday, October 30, 2025

തിരുവനന്തപുരം: കല്ലിയൂര്‍ പകലൂര്‍ ലക്ഷ്മി നിവാസില്‍ വിജയകുമാരി (76) മരിച്ചത് മകന്റെ ആക്രമണത്തില്‍. ആക്രമണ കാരണം മദ്യം കഴിക്കുന്നത് ചോദ്യം ചെയ്തത്…. മദ്യലഹരിയിലായിരുന്ന റിട്ട. കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥനായ മകന്‍ അജയകുമാറിനെ പോലീസ് സംഭവസ്ഥലത്തുനിന്ന് പിടികൂടി. മരിച്ച വിജയകുമാരി കമ്മിഷണര്‍ ഓഫീസിലെ മുന്‍ ഉദ്യോഗസ്ഥയായിരുന്നു.

സംഭവദിവസം രാത്രി അജയകുമാര്‍ ഒരു കുപ്പി മദ്യം കഴിച്ചശേഷം രണ്ടാമത്തെ കുപ്പിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അമ്മ വിജയകുമാരി ഇത് ചോദ്യം ചെയ്യുകയും വഴക്കുപറയുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ അജയകുമാര്‍, കയ്യിലിരുന്ന ആപ്പിള്‍ കഴിക്കുന്ന കത്തി ഉപയോഗിച്ച് അമ്മയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ വിജയകുമാരി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും, കിണറിന് സമീപത്ത് വെച്ച് അജയകുമാര്‍ അവരെ കുത്തി വീഴ്ത്തി. തുടര്‍ന്ന് കറിക്കത്തി ഉപയോഗിച്ച് കഴുത്തും കൈഞരമ്പുകളും കാലിലെ ഞരമ്പുകളും മുറിച്ചു.

കൊലപാതക ശേഷം, അമ്മയുടെ മൃതദേഹം മദ്യം ഒഴിച്ച് കത്തിക്കാനും അജയകുമാര്‍ ശ്രമിച്ചു. വിജയകുമാരിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. മദ്യത്തിന് അടിമയായിരുന്ന അജയകുമാര്‍ പലതവണ മദ്യവിമുക്തി കേന്ദ്രത്തില്‍ ചികിത്സ തേടിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ അമ്മയും മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.