പത്തനംതിട്ടയില്‍ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നു

Jaihind Webdesk
Thursday, August 3, 2023

പത്തനംതിട്ട: തിരുവല്ല പരുമല നാക്കടയില്‍ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നു. ആശാരിപറമ്പില്‍ കൃഷ്ണന്‍ കുട്ടി (80), ഭാര്യ ശാരദ (75) എന്നിവരാണ് മകന്‍ അനില്‍കുമാറിന്‍റെ (50) വെട്ടേറ്റ് മരിച്ചത്.

രാവിലെ ഒമ്പതിനാണ് സംഭവം. ദമ്പതികള്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്ന് മറ്റൊരു മകന്‍റെ വീട്ടിലാണ് അനില്‍ കുമാര്‍ താമസിച്ചിരുന്നത്. മകനും മാതാപിതാക്കളുമായി വഴക്ക് പതിവായിരുന്നുവെന്ന് പറയുന്നു. ഇന്ന് രാവിലെ വീട്ടിലേക്ക് കയറിച്ചെന്ന അനില്‍ മാതാപിതാക്കളുമായി വഴക്കിടുകയും അടുക്കളയില്‍ നിന്ന് വാക്കത്തിയെടുത്ത് തുരുതുരാ വെട്ടുകയുമായിരുന്നു.
രണ്ടു പേര്‍ക്കും ശരീരത്തിന്‍റെ പല ഭാഗത്തും കഴുത്തിനും വെട്ടേറ്റു. മൃതദേഹങ്ങള്‍ വീടിന് മുറ്റത്താണ് കാണപ്പെട്ടത്. അനില്‍ കുമാര്‍ രണ്ടു തവണ വിവാഹം കഴിച്ചിട്ടുണ്ട്. രണ്ടു ഭാര്യമാരും വിവാഹ ബന്ധം വേര്‍പെടുത്തി. അക്രമാസക്തനായി നിന്നിരുന്ന അനിൽകുമാറിനെ പോലീസ് എത്തിയാണ് കീഴ്പ്പെടുത്തിയത്. പ്രതി പുളിക്കീഴ് പൊലീസിന്റെ കസ്റ്റഡിയിലാണ്.