വോട്ട് കൊള്ളയ്‌ക്കെതിരായ പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് ഇന്ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഫ്രീഡം നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. സ്വതന്ത്രവും നീതിപൂര്‍വ്വവുമായ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച് ബിജെപിയും അവരുടെ സര്‍ക്കാരും നടത്തുന്ന വോട്ട് കൊള്ളയ്‌ക്കെതിരെയുള്ള പ്രതിഷേധ ജ്വാല തീര്‍ത്താണ് കോണ്‍ഗ്രസ് പ്രതിഷേധം.
കെപിസിസിയുടെ ആഹ്വാന പ്രകാരം ഡിസിസികളുടെ നേതൃത്വത്തില്‍ രാത്രി 8നാണ് ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ച് നടത്തുക. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കുള്ള നൈറ്റ് മാര്‍ച്ചിന് നേതൃത്വം നല്‍കി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ വയനാടും, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എറണാകുളത്തും രമേശ് ചെന്നിത്തല ആലപ്പുഴയിലും കെ.സുധാകരന്‍ എംപി കണ്ണൂരിലും കൊടിക്കുന്നില്‍ സുരേഷ് എംപി കൊല്ലത്തും നൈറ്റ് മാര്‍ച്ചിന് നേതൃത്വം നല്‍കും.വിവിധ ജില്ലകളില്‍ നടക്കുന്ന നൈറ്റ് മാര്‍ച്ചില്‍ രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി, ഡിസിസി ഭാരവാഹികള്‍, ജനപ്രതിനിധികള്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.