കെജ്‌രിവാളിന് ഐക്യദാർഢ്യം; ഇന്ത്യ സഖ്യത്തിന്‍റെ മഹാറാലി ഞായറാഴ്ച രാംലീല മൈതാനത്ത്

Jaihind Webdesk
Friday, March 29, 2024

 

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്ത്യ മുന്നണിയുടെ പ്രതിഷേധ റാലി  ഞായറാഴ്ച. ഡല്‍ഹി രാംലീല മൈതാനത്ത് നടക്കുന്ന റാലിയില്‍ പ്രതിപക്ഷ നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, ശരത് പവാര്‍, ഉദ്ധവ് താക്കറെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. റാലിക്ക് തിരഞ്ഞെടുപ്പ് കമ്മീഷനും ഡല്‍ഹി പോലീസും ഇന്‍ഡ്യ മുന്നണിക്ക് അനുമതി നല്‍കിയിട്ടുണ്ട്.

‘ഇന്ത്യ സഖ്യത്തിലെ എല്ലാ വലിയ നേതാക്കളും മാര്‍ച്ച് 31 ന് ഡല്‍ഹിയിലെ രാംലീല മൈതാനത്തേക്ക് വരുന്നുണ്ട്. ഡല്‍ഹിയിലെ ജനങ്ങളും വരാന്‍ തയാറെടുക്കുകയാണ് ‘ – റാലിക്ക് അനുമതി ലഭിച്ചതിന് ശേഷം ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ഗോപാല്‍ റായ് എക്സില്‍ കുറിച്ചു.

പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമമെന്ന വിമർശനം ശക്തമാണ്. ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ടാണ് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിന്‍റെ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.

അതേസമയം തിരഞ്ഞെടുപ്പ് തൊട്ടുമുന്നില്‍ നില്‍ക്കെ മുഖ്യപ്രതിപക്ഷ പാർട്ടിയായ കോണ്‍ഗ്രസിനും മറ്റ് കക്ഷികള്‍ക്കും ആദായനികുതിവകുപ്പ് നോട്ടീസ് അയച്ചിരിക്കുകയാണ്. ഭീമമായ തുക അടയ്ക്കണമെന്ന് കാട്ടിയാണ് നോട്ടീസ്. ഇതിനെതിരെയും പ്രതിഷേധം ശക്തമാണ്. കോണ്‍ഗ്രസിനെ സാമ്പത്തികമായി അടിച്ചമർത്താനാണ് മോദി സർക്കാരിന്‍റെ ശ്രമമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിമർശിച്ചു. തിരഞ്ഞെടുപ്പിനെ ഭയക്കുന്നതിനാലാണ് മോദി സർക്കാര്‍ ഇത്തരം ജനാധിപത്യവിരുദ്ധ നീക്കങ്ങള്‍ നടത്തുന്നതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന് പുറമെ തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐ, സിപിഎംപാർട്ടികള്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.