ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം: വിവിധ ജില്ലകളിലെ കളക്ട്രേറ്റുകളിലേക്ക് പ്രതിഷേധ മാര്‍ച്ച്

Jaihind News Bureau
Sunday, March 2, 2025

ന്യായമായ ആവശ്യങ്ങള്‍ക്കായി രാപ്പകല്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അവരെ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുന്ന സര്‍ക്കാരിന്‍റെയും അധിക്ഷേപിക്കുന്ന സിപിഎമ്മിന്‍റെയും നിലപാടില്‍ പ്രതിഷേധിച്ചും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ മാര്‍ച്ച് 3ന് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലേക്കും മറ്റുജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.

പ്രതിഷേധമാര്‍ച്ചിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി നിര്‍വഹിക്കും. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, കൊല്ലം മുന്‍ കെപിസിസി പ്രസിഡന്‍റ് വി.എം.സുധീരന്‍, പത്തനംതിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി, ആലപ്പുഴ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി.എന്‍.പ്രതാപന്‍, കോട്ടയം രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി.ജോസഫ്, ഇടുക്കി തൊടുപുഴയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി എസ്.അശോകന്‍,തൃശ്ശൂര്‍ ബെന്നി ബെഹ്നനാന്‍ എംപി, കോഴിക്കോട് മുന്‍ കെപിസിസി പ്രസിഡന്‍റ് കെ.മുരളീധരന്‍, കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി എന്നിവര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളില്‍ മറ്റൊരു ദിവസം പ്രതിഷേധ പ്രകടനം നടക്കും. എറണാകുളം ജില്ലയില്‍ കഴിഞ്ഞ ദിവസം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.