ബുധനാഴ്ച ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയില്‍ നടന്ന പാക് ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു. ലാന്‍സ് നായിക് ദിനേശ് കുമാര്‍ ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സൈനികനെ കൂടാതെ കുട്ടികളുള്‍പ്പടെ 13 പേര്‍ കൊല്ലപ്പെട്ടതായും 57 പേര്‍ക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഷെല്ലാക്രമണത്തില്‍ ജീവന്‍ വെടിഞ്ഞ ലാന്‍സ് നായിക് ദിനേശ് കുമാറിന് കരസേനയുടെ വൈറ്റ് നൈറ്റ് കോര്‍പ്‌സ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. എല്ലാ ഇരകളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി സൈന്യം അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യ പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ആക്രമണം നടത്തിയതിനെത്തുടര്‍ന്ന്, ജമ്മു കാശ്മീരില്‍ സംഘര്‍ഷം രൂക്ഷമാകുമെന്ന ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്. ശ്രീനഗറിലെയും ജമ്മു കാശ്മീരിലെയും വിമാനത്താവളങ്ങളും അടച്ചിട്ടു, പരീക്ഷകള്‍ കുറഞ്ഞത് മെയ് 10 വരെ മാറ്റിവച്ചു. നാട്ടുകാര്‍ അവശ്യവസ്തുക്കള്‍ ശേഖരിക്കാന്‍ തുടങ്ങി, എടിഎമ്മുകള്‍ക്കും ബാങ്കുകള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും പുറത്ത് ആളുകളുടെ നീണ്ട നിരകള്‍ കാണപ്പെട്ടു. നിരവധി സ്‌കൂളുകളും അടച്ചിരുന്നു. ഏത് സാഹചര്യവും നേരിടാന്‍ ഭരണകൂടം ജമ്മു കശ്മീരിലുടനീളം കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ചു.