ഉമ്മൻചാണ്ടിയെ കുടുക്കുമെന്ന് ഗണേഷ് കുമാർ ആവർത്തിച്ചു പറഞ്ഞു; ഗൂഢാലോചനക്കേസിൽ മുൻ പേഴ്സണൽ സ്റ്റാഫിന്റെ നിർണ്ണായക മൊഴി

Jaihind News Bureau
Saturday, February 7, 2026

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സോളാർ പീഡനക്കേസിൽ കുടുക്കുമെന്ന് ഗണേഷ് കുമാർ തന്നോട് പലവട്ടം പറഞ്ഞിരുന്നതായി മുൻ പേഴ്സണൽ സ്റ്റാഫ് അംഗം സുധീർ മലയിൻ വെളിപ്പെടുത്തി. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് സുധീർ ഈ നിർണ്ണായക മൊഴി നൽകിയത്. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ നിന്ന് രാജിവെക്കേണ്ടി വന്ന ഗണേഷ് കുമാർ, തിരികെ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടെങ്കിലും ഉമ്മൻചാണ്ടി അത് നിരാകരിച്ചതാണ് പകയ്ക്ക് കാരണമെന്നും തന്നോട് ഇതിന്റെ പേരിൽ പലതവണ രോഷം പ്രകടിപ്പിച്ചിരുന്നതായും സുധീർ കോടതിയെ അറിയിച്ചു.

2011 മുതൽ 2013 വരെ ഗണേഷ് കുമാറിന്റെ പേഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്ന വ്യക്തിയാണ് സുധീർ. ഈ കാലയളവിൽ സോളാർ കേസിലെ പരാതിക്കാരിയുമായി ഗണേഷിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് മൊഴിയിൽ പറയുന്നു. മന്ത്രിയുടെ ഔദ്യോഗിക വസതിയിലും ഓഫീസുകളിലും പരാതിക്കാരി നിത്യസന്ദർശകയായിരുന്നു. താൻ മന്ത്രിസ്ഥാനത്ത് ഇല്ലാത്ത കാലം ഉമ്മൻചാണ്ടിയെയും സുഖമായി ഇരിക്കാൻ സമ്മതിക്കില്ലെന്നും അവരെയെല്ലാം പീഡനക്കേസിൽ കുടുക്കി പാഠം പഠിപ്പിക്കുമെന്നും ഗണേഷ് പറഞ്ഞിരുന്നതായി സുധീർ വെളിപ്പെടുത്തി.

സോളാർ കേസിലെ പരാതിക്കാരി ജയിലിൽ വെച്ച് എഴുതിയ കത്തിൽ പുതിയതായി നാല് പേജുകൾ കൂട്ടിച്ചേർത്തതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന കേസിലാണ് സുധീർ മലയിൻ സാക്ഷിയായി മൊഴി നൽകിയത്. ഗണേഷ് കുമാറും പരാതിക്കാരും പ്രതികളായ ഈ കേസിൽ, ഉമ്മൻചാണ്ടിയുടെ പേര് ഉൾപ്പെടുത്താൻ ബോധപൂർവ്വമായ ഇടപെടൽ നടന്നുവെന്ന സൂചനകളാണ് സുധീറിന്റെ മൊഴിയിലൂടെ പുറത്തുവരുന്നത്. യുഡിഎഫ് നേതാക്കളെ തകർക്കാൻ വേണ്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണിതെന്ന ആരോപണത്തിന് ഈ വെളിപ്പെടുത്തൽ കൂടുതൽ കരുത്തു പകരുന്നു.