“അദാനിയോട് പോലും മത്സരിക്കാന്‍ ശേഷിയുള്ള സൊസൈറ്റി”; ഊരാളുങ്കലുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്ന പ്രസ്താവനയുമായി എംവി ഗോവിന്ദന്‍

Jaihind Webdesk
Tuesday, May 2, 2023

തിരുവനന്തപുരം: അദാനിയോട് പോലും മത്സരിക്കാന്‍ ശേഷിയുള്ള ലോകത്തിലെ പ്രധാനപ്പെട്ട സൊസൈറ്റിയാണ് ഊരാളുങ്കലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഊരാളുങ്കലിനെ തകര്‍ക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തിലെ അദാനിയാണ് ഊരാളുങ്കല്‍ സൊസൈറ്റിയെന്ന മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിക്ക് വേണ്ടി അദാനിയും മുഖ്യമന്ത്രിക്ക് വേണ്ടി ഊരാളുങ്കലും കള്ളപ്പണം വെളുപ്പിക്കുന്നുവെന്നാണ് കെഎം ഷാജി ആരോപിച്ചത്.

എ.ഐ ക്യാമറ അഴിമതി കേരളത്തെ പിടിച്ച് കുലുക്കുബോൾ ഊരാളുങ്കൽ സൊസൈറ്റിയെ തകർക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . സിപി എമ്മും ഊരാളുങ്കലുമായി നിലനിൽക്കുന്ന വഴിവിട്ട ബന്ധത്തിലെ ദുരൂഹതകളുടെ ആക്കം കൂട്ടുന്നതാണ് ഈ പ്രസ്താവന. ദേശീയ തലത്തിൽ മോദിയുടെ ‘പ്രിയപ്പെട്ട അദാനി ഗ്രൂപ്പിനെ’പ്പോലെ അധികാരത്തിന്‍റെ തണലിൽ വഴിവിട്ട രീതിയിൽ കരാറുകളെല്ലാം സ്വന്തമാക്കി കേരളത്തിലെ അദാനി ഗ്രൂപ്പായി വളർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന ഊരാലുങ്കൽ സൊസൈറ്റിയെ പൂർണ്ണമായും പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് അഴിമതി ക്യാമറയുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്ത് വരുന്ന തെളിവുകൾ.