ജനഹൃദയങ്ങളില്‍ ഇടം പിടിക്കാന്‍ ഏറെ പ്രതീക്ഷയോടെ ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയായിരുന്നു ജനസാന്ത്വനം. പക്ഷേ ജനകീയ പദ്ധതികള്‍ അവതരിപ്പിക്കുകയും വിജയിപ്പിക്കുകയും ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് ഈ കാലയളവില്‍ അവര്‍ മനസ്സിലാക്കിയിട്ടുണ്ടാകും. ഗൃഹപാഠകുറവു തുറന്നുകാട്ടുന്ന ഒരു പരിപാടി മാത്രമായ് ജനസാന്ത്വനം പദ്ധതി മാറികഴിഞ്ഞു.
ജനസമ്പര്‍ക്ക പരിപാടിക്കു ബദലായുള്ള പദ്ധതി ആയിട്ടാണ് ജനസാന്ത്വനത്തെ ഇടതുസര്‍ക്കാര്‍ അവതരിപ്പിച്ചത്. അത് തന്നെയായിരുന്നു ഈ പരിപാടിയിലേക്ക് അപേക്ഷകള്‍ കുമിഞ്ഞു കൂടാന്‍ കാരണവും. ജനസമ്പര്‍ക്ക പരിപാടിക്കു ജനങ്ങളില്‍ ഉണ്ടായിരുന്ന വിശ്വാസതയുടെയും സ്വീകാര്യതയുടെയും സ്പഷ്ടമായ തെളിവായിരുന്നു ഇത്.
ജനസാന്ത്വന പരിപാടി കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞാല്‍ അത് ജനങ്ങള്‍ക് ഗുണകരമാകും എന്നതില്‍ സംശയം ഇല്ല. പക്ഷെ അത് ഉപകാരപ്രദമായ രീതിയില്‍ വരണമെങ്കില്‍ ഒരു സര്‍ക്കാര്‍ ഉത്തരവ് മാത്രം പോരാ. ഇച്ഛാശക്തികൂടി വേണം. ഉമ്മന്‍ ചാണ്ടിക്ക് അതുണ്ടായിരുന്നു. അതായിരുന്നു ജനസമ്പര്‍ക്ക പരിപാടിയുടെ വിജയത്തിന്റെ കാതല്‍.
G.O(P)No.165/2016/Fin ആയി ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജനസാന്ത്വന പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഇവയാണ്. വിദ്യാഭ്യാസം, ആരോഗ്യം കൂടാതെ മറ്റു മേഖലകളില്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുന്നതും അടിയന്തിരമായി നടപ്പാകേണ്ടതുമായ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, സാമ്പത്തീക പ്രശ്നങ്ങളാല്‍ ജീവിതം വഴിമുട്ടിയവര്‍ക്കു സമാശ്വാസ ധനസഹായം, വൃദ്ധജനങ്ങളെയും പുറമ്പോക്കു ഭൂമിയില്‍ താമസിക്കുന്നവരെയും പുനരധിവസിപ്പിക്കുന്നതിനുള്ള ധനസഹായം തുടങ്ങിയ ധനസഹായ ആവശ്യങ്ങള്‍ക്കാണ് ഈ ഫണ്ടിലുള്ള തുക വിനയോഗിക്കേണ്ടത്’. ഇതുകൂടാതെ ഫണ്ട് രൂപീകരണവും, സമാഹരണവും, വിനയോഗവും എപ്രകാരമായിരിക്കണമെന്നും ഈ ഉത്തരവ് വിശദീകരിക്കുന്നു. പ്രത്യേകമായി ‘ജനസാന്ത്വന ഫണ്ട് ‘ എന്ന പേരില്‍ ഒരു ബാങ്ക് അക്കൗണ്ട് തുറന്നു എന്നതറിനപ്പുറം ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യവും, ഫണ്ട് സമാഹരണവും, വിനയോഗവുമെല്ലാം ജനസമ്പര്‍ക്ക പരിപാടിയുടേത് തന്നെയാണ്. ആ കാലത്തെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ‘വില്ലേജ് ഓഫീസര്‍ ചെയ്യുന്ന പണി ‘ എന്നും ‘ചികത്സാ സഹായവിതരണം ‘ എന്നും ചാപ്പ കുത്തി ഇകഴ്ത്തി കെട്ടാന്‍ ശ്രമം ഉണ്ടായെങ്കിലും ജനസമ്പര്‍ക്ക പരിപാടി സമൂഹത്തിന്റെ എല്ലാ തട്ടിലുള്ളവര്‍ക്കും വ്യത്യസ്ത രീതിയില്‍ ഗുണം ചെയ്ത ഒന്നായിരുന്നു. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന രംഗങ്ങളില്‍ ഭരണപരമായ മാറ്റങ്ങള്‍ക്കും, താഴെത്തട്ടിലുള്ളവര്‍ക് പ്രയോജനപ്രദമാകുന്ന അടിസ്ഥാന സൗകര്യ വികസനത്തിനും, നിയമത്തിന്റെ നൂലാമാലയില്‍ കുടുങ്ങിയ അശരണര്‍ക്കു പരിഹാരാധായകമായും, ജനകീയ ശബ്ദം സര്‍ക്കാര്‍ നയ രൂപീകരണത്തിന് അടിസ്ഥാനമാക്കുവാന്‍ അറിവ് ശേഖരണത്തിന്റെ തട്ടകമായിട്ടുമാണ് ജനസമ്പര്‍ക്ക പരിപാടി അവതരിപ്പിച്ചു നടപ്പാക്കിയത്. ഏതെങ്കിലും ബുദ്ധി കേന്ദ്രത്തില്‍ നിന്നും ഒരു പാക്കേജ് ആയി ഉദിച്ചുവന്നതല്ല ജനസമ്പര്‍ക്ക പരിപാടിയുടെ നടത്തിപ്പ്. ഓരോ വര്‍ഷവും ജനങ്ങളുടെ ആവശ്യങ്ങള്‍ കൂടുതലായി അറിഞ്ഞു അവര്‍ക്കു ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ കുറച്ചുകൊണ്ടുവന്ന് പ്രശ്നപരിഹാരം ഫലപ്രദമാക്കുകയാണ് ചെയ്തിട്ടുള്ളത്. ഏറ്റവും ഒടുവിലത്തെ ജനസമ്പര്‍ക്ക പരിപാടി വിവരസാങ്കേതിക വിദ്യയുടെ എല്ലാ സൗകര്യങ്ങളും
ഉപയോഗപെടുത്തികൊണ്ടുള്ളതുമായിരുന്നു. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ ബാര്‍കോഡഡ് ഡോക്കറ്റ് നമ്പര്‍ കൊടുത്തു. അപേക്ഷയുടെ നിജസ്ഥിതി അറിയാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിഇറങ്ങേണ്ട അവസ്ഥ ഒഴിവാക്കി. എവിടെനിന്നുവേണമെങ്കിലും വെബ്സൈറ്റിലൂടെയോ അക്ഷയ സെന്റര്‍ വഴിയോ അപേക്ഷ നിരീക്ഷിക്കാന്‍ സൗകര്യം ഒരുക്കി . 1.98 ലക്ഷം അപേക്ഷകള്‍ ഓണ്‍ലൈനായും 1 .80 ലക്ഷം അപേക്ഷകള്‍ ജനസമ്പര്‍ക്ക പരിപാടി വേദിയിലും സമര്‍പ്പിക്കപ്പെട്ടു. ഈ അപേക്ഷകള്‍ എല്ലാം / വസ്തു വീട് സംബന്ധമായതു/ അംഗപരിമിതര്‍/ ചികിത്സാ സഹായം/ ബിപില്‍ / തൊഴില്‍/ പോലീസ് സഹായം/ റേഷന്‍ കാര്‍ഡ്/ വൈദുതി/ വെള്ളം / യാത്ര സൗകര്യങ്ങള്‍/ വിദ്യാഭ്യാസ ലോണ്‍/ ആരോഗ്യ മേഖല/ തദ്ദേശ സ്വയംഭരണ സേവനങ്ങള്‍/ പട്ടയം/ റെവന്യൂ രേഖകള്‍/ സഹകരണ സംഘം/ സാമൂഹിക സുരക്ഷ / ഗവണ്മെന്റ് തീരുമാനങ്ങള്‍/ നയപരമായ തീരുമാനങ്ങള്‍/ മറ്റു വിഭാഗം എന്നിങ്ങനെ തരംതിരിച്ചാണ് പരിഗണിച്ചത്. ഓരോ മന്ത്രിക്കും ഓരോ ജില്ലയുടെ ചുമതലയും നല്കി. ആദ്യ വട്ടം കളക്ടറും പിന്നീട് മന്ത്രിയും ഒടുവില്‍ വീഡിയോ കോണ്‍ഫെറെന്‍സിലൂടെ മുഖ്യമന്ത്രിയും ചേര്‍ന്നാണ് ഓരോ ജില്ലയിലേയും അപേക്ഷകള്‍ തീര്‍പ്പാക്കിയിരുന്നത്.
2015 ലെ ജനസമ്പര്‍ക്ക പരിപാടിയില്‍ സമര്‍പ്പിക്കപ്പെട്ട 82 .98 ശതമാനം അപേക്ഷകളിലും തീരുമാനമെടുത്തു. ചികിത്സാ സഹായമായി 69.06 കോടി രൂപ അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കപെട്ടു. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കു ചെക്ക് മുഖാന്തിരം 44 . 17 കോടി രൂപ വിതരണം ചെയ്തു. ചെറിയ പാലങ്ങള്‍, റോഡുകള്‍ , തടയിണകള്‍ തുടങ്ങി താഴെ തലങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി, പട്ടയങ്ങള്‍ വിതരണം ചെയ്യപ്പെട്ടു , ചുവപ്പു നാടയില്‍ കുടുങ്ങികിടന്നിരുന്ന അനേകം ഫയലുകളില്‍ തീര്‍പ്പുണ്ടായി, ലോണ്‍ കുടിശ്ശികകള്‍ എഴുതിത്തള്ളപ്പെട്ടു. നയപരമായ തീരുമാനങ്ങള്‍ ഉള്‍പ്പെടെ എഴുപതോളം സര്‍ക്കാര്‍ ഉത്തരുവുകള്‍ ഇറങ്ങി. അപേക്ഷ സ്വീകരിക്കുന്നതുമുതല്‍ പരിഹാരം ഉണ്ടാക്കി അപേക്ഷകനെ അത് അറിയിക്കുന്നതുവരെ അക്ഷയ കേന്ദ്രത്തിലുള്ളവര്‍, ജില്ലാ ഉദ്യോഗസ്ഥര്‍, കളക്ടര്‍, വകുപ്പ് മേധാവികള്‍, ഗവര്‍മെന്റ് സെക്രെട്ടറിമാര്‍, മന്ത്രിമാര്‍, എന്നിവര്‍ ചെയേണ്ടുന്ന ജോലി സംബന്ധിച്ചു വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഓരോ ഘട്ടത്തിലും മുഖ്യമന്ത്രി നേരിട്ട് സ്ഥിതി വിലയിരുത്തിയിരുന്നു.
ആന്ധ്രാപ്രദേശിലെ me-sewa യും ഗുജറാത്തിലെ swagath ഉം കേജരിവാളിന്റെ janatha durbar ഉം ജനസമ്പര്‍ക്ക പരിപാടി പോലെ ഫലവത്തായില്ല. UNDP ജനസമ്പര്‍ക്ക പരിപാടിയെ കുറിച്ച് പഠിച്ചതും ഐകരാഷ്ട്രസഭ അതിന്റെ പരമോന്നത അവാര്‍ഡായ UN PUBLIC SERVICE AWARD നല്കി ജനസമ്പര്‍ക്ക പരിപാടിയെ അംഗീകരിച്ചതും അതിന്റെ മികവുകൊണ്ട് തന്നെ ആയിരുന്നു. രാജ്യവും ലോകവും അംഗീകരിക്കുമ്പോഴും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പറഞ്ഞു തെറ്റിദ്ധാരണയും നുണപ്രചാരണവും നടത്തി നല്ലതിനെയെല്ലാം നിരാകരിക്കുവാനേ ഇടതുപക്ഷം പഠിച്ചിട്ടുള്ളു. അതുതന്നെയാണ് ഇടതുപക്ഷ രാഷ്ട്രീയവും. .
ജനക്ഷേമ പരിപാടികളില്‍ ചില കാര്യങ്ങള്‍ എങ്ങനെയാണ് ചുവപ്പു നാടയില്‍ കുടുങ്ങുന്നത് എന്നുള്ള എന്റെ വ്യക്തിപരമായ ഒരു അനുഭവം കൂടി ഇവിടെ പറയുന്നത് ഒരുപക്ഷേ ഗുണം ചെയ്തേക്കാം. ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് വിതരണം ചെയാനുള്ള തുക ക്യാബിനറ്റ് അംഗീകരിക്കുന്നു. തുടര്‍ന്ന് ധനകാര്യവകുപ്പ് തുക റവന്യൂ വകുപ്പിലൂടെ ജില്ലാ കളക്ടര്‍മാര്‍ക് കൈമാറുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പണം കിട്ടിയിട്ടില്ല എന്ന് ഉമ്മന്‍ ചാണ്ടിയോട് അദ്ദേഹം ചെല്ലുന്ന പല സ്ഥലങ്ങളിലും ജനം പരാതി പറയുന്നു. കളക്ടര്‍മാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ തുക വിതരണം നടത്തി എന്ന് അറിയിച്ചു. വീഡിയോ കോണ്‍ഫെറെന്‍സിലും കളക്ടര്‍മാര്‍ ഇതു തന്നെ ആവര്‍ത്തിക്കുന്നു. പക്ഷേ ജനങ്ങളുടെ പരാതി കൂടി വരുന്നു. തുടര്‍ന്ന് താഴെ തട്ടില്‍ വരെ അന്വേഷിച്ച് എന്താണ് യഥാര്‍ത്ഥ പ്രശ്നം എന്നത് കണ്ടെത്താന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് ഗുരുതരമായ ഒരു പ്രശ്നം ശ്രദ്ധയില്‍ വരുന്നത്. കളക്ടര്‍ തുക തഹസില്‍ദാര്‍ക്കു കൈമാറിയാല്‍ റവ്യന്യൂ ഭാഷ പ്രകാരം ‘വിതരണം നടത്തി ‘ എന്നാണ്. അപേക്ഷകനെ കണ്ടില്ല, വിളിച്ചിട്ടു വന്നില്ല തുടങ്ങി പല മുട്ടായുക്തികള്‍ പറഞ് ഈ തുക തഹസില്‍ദാരുടെ അക്കൗണ്ടില്‍ തന്നെ കിടക്കും. കേരളത്തില്‍ അങ്ങോളം ഇങ്ങോളം കോടിക്കണക്കിനു രൂപ ഇതുപൊലെ കിടക്കുന്നത് കണ്ടെത്തി. കളക്ടര്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് തരുമ്പോള്‍ ‘വിതരണം നടത്തി ‘ എന്ന് പറയുമെങ്കിലും അപേക്ഷകന് പണം കിട്ടിയിട്ടുണ്ടാകില്ല. ഇത് ശ്രദ്ധയില്‍പ്പെട്ട ഉമ്മന്‍ ചാണ്ടി ഉടന്‍ തന്നെ അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈമാറുന്നതിന് നടപടികളെടുക്കാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെയാണ് വ്യവസ്ഥാപിതമായി DBT സംവിധാനം നിലവില്‍ വരുന്നതിനു മുന്‍പു തന്നെ 69 .06 കോടി രൂപ അപേക്ഷകരുടെ അക്കൗണ്ടിലേക്കു നേരിട്ട് നിക്ഷേപിക്കാന്‍ സാധിച്ചത്. ആദ്യത്തേതും ഏറ്റവും വലുതുമായ DBT ഇടപാടായിരുന്നു അത്.
പേര് മാറ്റിയാണെങ്കിലും ഒരു ജനകീയ പദ്ധതി അവതരിപ്പിച്ച് നാടൊട്ടുക്ക് കൗണ്ടര്‍ തുറന്ന് മൂന്നരലക്ഷത്തോളം അപേക്ഷയും വാങ്ങിക്കൂട്ടി പെട്ടിയില്‍ പൂട്ടിവെച്ചിട്ട്, ഈ പദ്ധതിക്ക് വേണ്ടി എന്ന് പറഞ്ഞ് ഒരു അക്കൗണ്ടും തുടങ്ങി ധനസമാഹരണം നടത്തുമ്പോള്‍ അതിനെ സംശയദൃഷ്ടിയോടെയേ കാണാന്‍ കഴിയൂ. ജനങ്ങള്‍ക്ക് ഉപകാരം കിട്ടുന്ന ഒരു പദ്ധതിയും ഉറങ്ങിപ്പോകരുത്. കേവലം സര്‍ക്കാര്‍ ഉത്തരവ് ഇറക്കിക്കഴിഞ്ഞാല്‍ പിന്നെ എല്ലാം തനിയേ നടന്നുകൊള്ളും എന്നു വിചാരിച്ചാല്‍ മറ്റു ചില കാര്യങ്ങളില്‍ സംഭവിച്ചതുപോലെ ഇതും ഒരു വലിയ തെറ്റായി പരിണമിക്കും എന്ന് മുഖ്യമന്ത്രിയെ വിനയത്തോടെ ബോധിപ്പിക്കട്ടെ . ജനസമ്പര്‍ക്ക പരിപാടിക്ക് ഉമ്മന്‍ ചാണ്ടി കൊടുത്ത ശ്രദ്ധയുടേയും അഭിനിവേശത്തിന്റെയും പകുതിയെങ്കിലും ജനസാന്ത്വന പരിപാടിയില്‍ പിണറായി വിജയന് കാണിക്കണം. കല്ലെറിയാനും കരിങ്കൊടികാണിക്കാനും എളുപ്പമാണ്. വേദനിക്കുന്ന അശരണര്‍ക്ക് ആശ്രയം കൊടുക്കണമെങ്കില്‍ സമര്‍പ്പണവും സേവന സന്നദ്ധതയും അത്യന്താപേക്ഷിതമാണ്.
ചട്ടം രൂപീകരിച്ചില്ലെങ്കില്‍ ചില നിയമങ്ങള്‍ പുസ്തകത്തില്‍ തന്നെ ഇരിക്കും. അതുപോലെയാണ് ജനകീയ ക്ഷേമ പദ്ധതികളും. എങ്ങനെ നടപ്പില്‍ വരുത്തണം , ഏതൊക്കെ സാഹചര്യത്തില്‍ എന്തെല്ലാം ചെയ്യണം എന്ന് വ്യക്തമായ നിര്‍ദേശങ്ങളും തീരുമാനങ്ങളും ഇടപെടലുകളും ഇല്ലെങ്കില്‍ അവ ലക്ഷ്യം കാണില്ല. മൂന്നരലക്ഷം അപേക്ഷകള്‍ തീര്‍പ്പുണ്ടാകണമെങ്കില്‍ ഓരോ അപേക്ഷയും എങ്ങനെ പരിഹരിക്കണമെന്ന് മാര്‍ഗ്ഗനിര്‍ദ്ദേശം ഉണ്ടാവണം. മുഖ്യമന്ത്രി അതിനു മേല്‍നോട്ടം വഹിക്കണം. ഓരോ അപേക്ഷയും ഓരോ ജീവിതമാണ് എന്ന വസ്തുത മുഖ്യമന്ത്രി തന്നെ ഉള്‍ക്കൊള്ളണം. ഇതുപോലുള്ള പരിപാടികളിലെ അപേക്ഷകളില്‍ അധികം നാള്‍ക്കുള്ളില്‍ പരിഹാരം കണ്ടില്ലെങ്കില്‍, ഒരു പക്ഷേ അപേക്ഷകന് ഗുണമുണ്ടായി എന്നുവരില്ല. കാരണം, നടപടിക്രമവും ചട്ടവട്ടവും നടത്തി മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞ് നീട്ടൂരം വരുമ്പോള്‍ അപേക്ഷകന് ജീവിച്ചിരുപ്പുണ്ടാകണമെന്നില്ല.
അഡ്വ : ജോജി ജോര്‍ജ്ജ് ജേക്കബ്
(ഹൈക്കോടതിയില്‍ അഭിഭാഷകനായ ലേഖകന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും ജനസമ്പര്‍ക്ക പരിപാടിയുടെ സ്റ്റേറ്റ് നോഡല്‍ ഓഫീസറും ആയിരുന്നു)