‘മികച്ച അഭിനയത്തിന് സർക്കാരിന് അഭിനന്ദനങ്ങള്‍’; സമൂഹമാധ്യമങ്ങളില്‍ ഇന്ദ്രന്‍സിന് പിന്തുണ

Jaihind Webdesk
Friday, May 27, 2022

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ ഇന്ദ്രന്‍സിന് പരിഗണന ലഭിച്ചില്ല എന്ന ആക്ഷേപം ശക്തം. ചെറുതും വലുതുമായി പന്ത്രണ്ടോളം ചിത്രങ്ങളാണ് 2021 ല്‍ ഇന്ദ്രന്‍സിന്‍റേതായി എത്തിയത്. ഒന്നിനൊന്ന് വ്യത്യസ്തമായ ശാരീരിക ഭാഷയും ഭാവപ്രകടനങ്ങളും ഉള്‍പ്പെടെ അതിശയിപ്പിക്കുന്ന പ്രകടനമാണ് ഇന്ദ്രന്‍സില്‍ നിന്ന്  ഉണ്ടാകുന്നത്. വെള്ളത്തിലെ ചന്ദ്രന്‍, മധുരത്തിലെ രവി, എല്ലാം ശരിയാകും എന്ന ചിത്രത്തിലെ കുഞ്ഞപ്പന്‍, മാലിക്കിലെ ജോര്‍ജ് സക്കറിയ, ഹോമിലെ കേന്ദ്ര കഥാപാത്രമായ ഒലിവർ ട്വിസ്റ്റ് തുടങ്ങി അടിമുടി വ്യത്യസ്തങ്ങളായ ഒരുപിടി ചിത്രങ്ങളിലാണ് ഇന്ദ്രന്‍സ് പകർന്നാടിയത്. ഇതൊന്നും ‘കാണാതെ പോയ’ ജൂറിയുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ആക്ഷേപം ശക്തമാവുകയാണ്. മികച്ച നടനുള്ള പുരസ്‌ക്കാരത്തിലേക്ക് മുന്‍പന്തിയില്‍ നിന്നത് ബിജുമേനോനും ഇന്ദ്രന്‍സും സുരാജ് വെഞ്ഞാറമൂടുമായിരുന്നു. ബിജു മേനോനും ജോജുവുമാണ് 2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അര്‍ഹരായ മികച്ച നടന്മാർ. രേവതിയാണ് മികച്ച നടി.

ടി. സിദ്ദിഖ്, ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും ഇന്ദ്രന്‍സിന് പിന്തുണയറിയിച്ച് രംഗത്തെത്തി.

 

ടി സിദ്ദിഖ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഹൃദയം കവർന്ന അഭിനയ പ്രതിഭയുടെ ഹോം എന്ന സിനിമയിലെ ഈ പുഞ്ചിരിയോളം മികച്ച ഭാവ പകർച്ച മറ്റ്‌ അഭിനേതാക്കളിൽ കാണാൻ കഴിഞ്ഞ ജൂറിക്ക്‌ പ്രത്യേക അഭിനന്ദനങ്ങൾ…
‘അടിമകൾ ഉടമകൾ’ നല്ല സിനിമയാണ്…

 

‘അവാർഡ് ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍’ എന്ന ഒറ്റ വരിയാണ് ഇന്ദ്രന്‍സിന്‍റെ ചിത്രം പങ്കുവെച്ച് ഷാഫി പറമ്പില്‍ എംഎല്‍എ കുറിച്ചത്.

 

 

“ഇത് നീ വിശ്വസിച്ചില്ലെങ്കിൽ, ഇനി പറയാൻ പോണത് നീ വിശ്വസിക്കത്തേയില്ല….”
മികച്ച അഭിനയത്തിന് സർക്കാറിന് അഭിവാദ്യങ്ങൾ… – രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.