ബാബാ രാംദേവിന്‍റെ പതഞ്ജലി ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ യുഎഇ രാജകുടുംബാംഗത്തിന്‍റെ സമൂഹ മാധ്യമ പോസ്റ്റ്

JAIHIND TV DUBAI BUREAU
Thursday, February 9, 2023

ദുബായ്: ബാബാ രാംദേവിന്‍റെ പതഞ്ജലി ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ഷാര്‍ജ രാജകുടുംബാംഗം ഷെയ്ഖാ ഹിന്ദ് ബിന്‍ത് ഫൈസല്‍ അല്‍ ഖാസിമിയുടെ ട്വിറ്റര്‍ പോസ്റ്റ് ചര്‍ച്ചയാകുന്നു. മുസ്‌ലീങ്ങളെയും ക്രിസ്ത്യന്‍ സമുദായത്തേയും കൊലപ്പെടുത്താനും ഇന്ത്യാ രാജ്യത്തു നിന്ന് ഇവരെ പുറത്താക്കാനും ആഹ്വാനം ചെയ്യുന്നവരുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. മുമ്പ് ബിജെപി ഭരണകൂടത്തിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഷെയ്ഖാ ഹിന്ദ് രൂക്ഷമായി പ്രതികരിച്ചിരുന്നു.

ഇന്ത്യക്കാര്‍ക്ക് എന്താണ് സംഭവിച്ചത് എന്നറിയില്ലെന്നും സമൂഹത്തിന്‍റെ സുരക്ഷയ്ക്ക് ഭീഷണിയായ ഇവരുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഇന്ത്യാ രാജ്യം തയാറാകണമെന്നും ട്വീറ്റില്‍ പറയുന്നു. സമാധാനപരമായി യോഗ പഠിപ്പിക്കുന്ന ഗുരുവാണ് ഇദേഹം. എങ്കിലും ഗോമൂത്രം ഉപയോഗിച്ച് കഴുകുന്ന ഇയാളുടെ ഉല്‍പന്നങ്ങള്‍ മുസ്‌ലീങ്ങള്‍ അറിയാതെ വാങ്ങുകയാണ്. ഇതിലൂടെ അയാള്‍ ദശലക്ഷക്കണക്കിന് പണം സമ്പാദിക്കുന്നു.

കൂട്ടക്കൊലയിലേക്ക് നയിക്കുന്ന വിദ്വേഷ പ്രസംഗമോ അക്രമമോ യുഎഇ അംഗീകരിക്കില്ല. നിങ്ങളുടെ വെറുപ്പ് നിങ്ങളുടെ രാജ്യത്ത് മാത്രം നിലനിര്‍ത്തുക. എല്ലാവരെയും പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതാണ് യുഎഇ എന്ന രാജ്യം. ഗുരുവിന്‍റെ വ്യാജവേഷം ധരിച്ചെത്തുന്ന ഫാഷിസ്റ്റ് വ്യവസായിയെ യുഎഇ സ്വാഗതം ചെയ്യുന്നില്ലെന്നും ഷെയ്ഖാ ഹിന്ദിന്‍റെ ട്വീറ്റില്‍ രൂക്ഷമായി വിമര്‍ശിക്കുന്നു.