ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങള്‍ സംഘപരിവാറിന്‍റെ ചൊല്‍പ്പടിയില്‍ : വിവരങ്ങള്‍ പുറത്തുവിട്ട് രാജ്യാന്തര മാധ്യമങ്ങള്‍ ; പാർലമെന്‍റില്‍ ഉന്നയിച്ച് സോണിയ ഗാന്ധി

Jaihind Webdesk
Wednesday, March 23, 2022


ന്യൂഡല്‍ഹി : ഫേസ്ബുക്ക്, ട്വിറ്റര്‍ പോലെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങളുടെ ഇടപെടലുകള്‍ രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ ആസൂത്രിതമായി അസ്ഥിരപ്പെടുത്തുന്നതായി ആശങ്ക. തെരഞ്ഞെടുപ്പുകളെ അനുകൂലമാക്കാന്‍ ഭരണ വര്‍ഗത്തിന്‍റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് സാമൂഹ്യ മാദ്ധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതാണ് പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ഫേസ്ബുക്കിന്‍റെ  ഉള്ളടക്കവും അല്‍ഗോരിതവുമെല്ലാം പൂര്‍ണമായും സംഘ്പരിവാറിന്‍റെ കീഴിലേക്ക് എത്തുന്ന സ്ഥിതിവിശേഷം രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. നവ മാധ്യമങ്ങളിലൂടെ ഇത്തരം ശ്രമങ്ങള്‍ ജനാധിപത്യത്തിന്‍റെ കടയ്ക്കലില്‍ തന്നെയാണ് കത്തി വെയ്ക്കുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങള്‍ ഇടപെടുന്നത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയാണ് പാര്‍ലമെന്‍റിന്‍റെശ്രദ്ധയില്‍ കൊണ്ടുവന്നത്.

പ്രതിപക്ഷ കക്ഷികളെല്ലാം ഈ വിഷയത്തില്‍ ഗൗരവമായി ചര്‍ച്ച നടത്തേണ്ടതുണ്ട്. ഭരണപക്ഷത്തെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കന്മാര്‍ക്കും അവരുടെ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കും ഫേസ്ബുക്ക് പ്രത്യേക താല്‍പര്യമാണ് എടുക്കുന്നത്. ഇതിന്റെ കൃത്യമായ വിവരങ്ങള്‍ അല്‍ജസീറയും ദി റിപ്പോര്‍ട്ടേഴ്‌സ് കലക്റ്റീവുമാണ് പുറത്തുവിട്ടത്. രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തകര്‍ക്കാന്‍ ആസൂത്രിതമായി നവ മാധ്യമങ്ങളില്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് തടയിടണമെന്നാണ് സോണിയ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്.

പരസ്യങ്ങള്‍ സംബന്ധിച്ച് ഫേസ്ബുക്കിന്‍റെ നയം പലപ്പോഴും ബി.ജെ.പിയടക്കമുള്ള സംഘ്പരിവാര്‍ കക്ഷികള്‍ക്ക് അനുകൂലമാകുന്നതായി അല്‍ജസീറയുടെ റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. തെരഞ്ഞെടുപ്പുകളില്‍ ഈ പരസ്യങ്ങളെല്ലാം വലിയ സ്വാധീനം ചെലുത്തുന്നുമുണ്ട്. 2019 ഫെബ്രുവരി മുതല്‍ 2020 നവംബര്‍ വരെയുള്ള 22 മാസങ്ങള്‍ക്കിടെ ഫേസ്ബുക്കില്‍ വന്ന അഞ്ചു ലക്ഷത്തോളം രാഷ്ട്രീയ പരസ്യങ്ങള്‍ വിശകലനം ചെയ്താണ് അല്‍ജസീറ റിപ്പോര്‍ട്ട് തയാറാക്കിയത്. ഈ കാലഘട്ടത്തിലാണ് ലോക്‌സഭയിലേക്കും ഒമ്പതു സംസ്ഥാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ നടന്നത്. സംഘ്പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് മറ്റുള്ളവരേക്കാള്‍ കുറഞ്ഞ നിരക്കില്‍ കൂടുതല്‍ പരസ്യങ്ങളും സമയവും അനുവദിച്ചാണ് ഫേസ്ബുക്ക് കടുത്ത പക്ഷപാതം കാണിക്കുന്നത്.

ഇതിനായി പരസ്യങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ അല്‍ഗോരിതത്തിലും ഫേസ്ബുക്ക് കാര്യമായ അഴിച്ചുപണി നടത്തിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പുറമെ, അഭ്യുദയകാംക്ഷികള്‍’ നല്‍കുന്ന പരസ്യങ്ങളുടെ കാര്യത്തിലും ഫേസ്ബുക്ക് ഇതേ വിവേചനം തുടരുന്നുമുണ്ട്. ബി.ജെ.പി സ്ഥാനാര്‍ഥികളുടെ ഫേസ്ബുക്ക് പരസ്യങ്ങള്‍ 130 കോടി പേര്‍ വീക്ഷിച്ചുവെന്നാണ് കണക്ക്. വംശീയ വിദ്വേഷത്തിന്റെയും കലാപ ആഹ്വാനങ്ങളുടെയും ഹൃസ്വ വിഡിയോകളാണ് ഫേസ്ബുക്ക് പരസ്യമെന്ന വ്യാജേന തള്ളിവിടുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട 687 പോസ്റ്റുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തപ്പോള്‍ ബി.ജെ.പിയുടെ നീക്കം ചെയ്ത പോസ്റ്റുകള്‍ 14 എണ്ണം മാത്രമാണ്. ഫേസ്ബുക്കിന് രാജ്യത്ത് 34 കോടി ഉപയോക്താക്കളും ഫേസ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പിന് 40 കോടിയിലധികം ഉപയോക്താക്കളുണ്ട്. ഈ രണ്ടു പ്ലാറ്റ്‌ഫോമുകളും വ്യാജവാര്‍ത്തകളുടെയും വര്‍ഗീയ മുദ്രാവാക്യങ്ങളുടെയും വിളനിലമാകുമ്പോള്‍ അതിന്‍റെ രാഷ്ട്രീയ ഗുണഭോക്താക്കളാകുന്നത് സംഘ്പരിവാര്‍ തന്നെയാണ്. ഈ സാഹചര്യത്തിലാസോണിയ ഗാന്ധി പാര്‍ലമെന്റില്‍ ഉയര്‍ത്തിയ ആശങ്കയുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്.