യുഡിഎഫ് സര്‍ക്കാരിന്‍റെ പദ്ധതികള്‍ സ്വന്തം അക്കൗണ്ടിലാക്കി ഇടതു സര്‍ക്കാര്‍; ഭരണനേട്ടമായി പ്രചരിപ്പിച്ച് മുഖ്യമന്ത്രിയും; വ്യാപക വിമര്‍ശനം

Jaihind News Bureau
Monday, June 1, 2020

 

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പല പദ്ധതികളും തങ്ങളുടേതാക്കി മാറ്റുകയാണ് പിണറായി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലാണ് ഇത്തരത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിപക്ഷത്തായിരിക്കുമ്പോള്‍ എല്ലാ പദ്ധതികളേയും എതിര്‍ത്തുള്ള  സമരം, ഭരണപക്ഷത്താകുമ്പോള്‍ തങ്ങളുടെ നേട്ടത്തിനായി ഉപയോഗിക്കുക. സിപിഎമ്മിന്റെ തനതു ശൈലിക്ക് മറ്റൊരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ പേജില്‍ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങള്‍.

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയും, കേരള വ്യവസായ വികസന കോര്‍പ്പറേഷനും ചേര്‍ന്ന് 3700 കോടി രൂപ മുടക്കി ആരംഭിച്ച ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധം നടത്തിയത് സിപിഎം ആയിരുന്നു. എന്നാല്‍ അതിന്റെ പുനര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ഉദ്ഘാടന കര്‍മ്മവും പൂര്‍ത്തിയാക്കിയപ്പോള്‍ അത് മുഖ്യന്റെ വികസന നേട്ടവുമായി. എകെ ആന്‍റണി, ഉമ്മന്‍ ചാണ്ടി തുടങ്ങിയ യുഡിഎഫ് നേതാക്കളുടെ ശ്രമഫലമായി ആരംഭിച്ച കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ സ്ഥിതിയും മറിച്ചല്ല. ആദ്യവിമാനത്തിന് കൊടിവീശിക്കൊണ്ട് മുഖ്യന്‍ അതും തന്റെ വികസന കീശയിലാക്കി. കേരള ജനതയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച ഒന്നായിരുന്നു കൊച്ചി മെട്രോ. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആരംഭിച്ചു പൂര്‍ത്തിയാക്കാറായ മെട്രോ പദ്ധതി പിണറായി സര്‍ക്കാര്‍ ഒരു കൂസലുമില്ലാതെ തങ്ങളുടേതാക്കി മാറ്റി.

ഇടമണ്‍ കൊച്ചി പവര്‍ ഹൈവേ, ദേശീയ ജലപാത, ദേശീയ പാതാ വികസനം തുടങ്ങിയവയൊക്കെയും പിണറായി സര്‍ക്കാര്‍ തങ്ങളുടെ ഭരണ നേട്ടമായി ഫേയസ്ബുക്ക് പോസ്റ്റിലൂടെ പ്രദര്‍ശിപ്പിക്കുകയാണ്. പ്രതിപക്ഷത്തായിരിക്കുമ്പോള്‍ സിപിഎം എതിര്‍ത്ത പട്ടിക നോക്കിയാല്‍ പാര്‍ട്ടി തന്നെ നാണിച്ചു പോകും. സമൂഹ നന്മയ്ക്കായി യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വികസനങ്ങളെ എതിര്‍ക്കുകയും, ഭരണപക്ഷത്ത് വന്നപ്പോള്‍ അവയെല്ലാം ഉദ്ഘാടനം ചെയ്ത് സ്വന്തം വികസന പട്ടികയില്‍ ചേര്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍. ഇതിനുള്ള അവസാന തെളിവാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്നാരംഭിക്കുന്ന വിക്‌ടേഴ്‌സ് ചാനല്‍.