‘രണ്ട് പ്രളയം വന്നിട്ടും പഠിച്ചില്ലേ?’; അതിരപ്പിള്ളിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവും ട്രോള്‍ വര്‍ഷവും

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോകുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനവും ട്രോള്‍ വര്‍ഷവും. രണ്ട് പ്രളയം വന്നിട്ടും പഠിച്ചില്ലേയെന്നും ആമസോണ്‍ കാട്ടുതീയിലുള്‍പ്പെടെ പ്രതികരിച്ചവര്‍ ഇപ്പോള്‍ മൗനം പാലിക്കുന്നതെന്തിനാണെന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നു. അതേസമയം  വിഷയത്തില്‍ ഇടതുമുന്നണിക്കുള്ളില്‍ തന്നെ പ്രതിഷേധമുയരുകയാണ്.  അതിരപ്പിള്ളി ഇടതുമുന്നണിയുടെ അജന്‍ഡയിലില്ലാത്ത വിഷയമാണെന്ന് പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി.

അതിനിടെ  അതിരപ്പിള്ളി പദ്ധതിക്ക് എന്‍.ഒ.സി നല്‍കിയ ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടതിന്‍റെ രേഖകള്‍ പുറത്തുവന്നു. ഏപ്രില്‍ 18നാണ് മുഖ്യമന്ത്രി കെഎസ്ഇബിക്ക് എന്‍.ഒ.സി അനുവദിച്ച് ഫയലില്‍ ഒപ്പിട്ടത്. ഇതോടെ ഇടതുമുന്നണിയെ മരികടന്നാണ് ഫയല്‍ നീക്കമെന്ന് വ്യക്തമാകുകയാണ്.

അതിരപ്പിള്ളിയെച്ചൊല്ലി ഇടതുമുന്നണിക്കുള്ളില്‍ തന്നെ തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് പുതിയ വിവരം പുറത്തുവരുന്നത്. വിഷയത്തില്‍ വൈദ്യുത മന്ത്രി എംഎം മണിയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്ന് രംഗത്തെത്തിയിരുന്നു.  അതിരപ്പിള്ളി ഇടതുമുന്നണിയുടെ അജന്‍ഡയിലില്ലാത്ത വിഷയമാണെന്ന് പറഞ്ഞ അദ്ദേഹം ആഗ്രഹങ്ങള്‍ക്ക് പരിധിയില്ലെന്ന് മന്ത്രി എം.എം മണിയെ പരിഹസിക്കുകയും ചെയ്തു. അതിരപ്പിള്ളി പദ്ധതിയെ സിപിഐ അംഗീകരിക്കില്ലെന്നും പ്രകടനപത്രികയില്‍ പദ്ധതിയെപ്പറ്റി പറയുന്നില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Comments (0)
Add Comment