പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക്, പെണ്‍കുഞ്ഞുങ്ങള്‍ക്ക് നീതി വേണം; വാളയാര്‍ കേസില്‍ നീതി ആവശ്യപ്പെട്ട് കാമ്പയിന്‍

Jaihind Webdesk
Sunday, October 27, 2019

പാലക്കാട്: വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി വേണമെന്നാവശ്യപ്പെട്ട് വന്‍ പ്രതിഷേധം. കേസില്‍ സര്‍ക്കാര്‍ പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ക്യാമ്പയിന്‍ ശക്തമാകുന്നു. ‘ബഹു. മുഖ്യമന്ത്രിക്ക്, ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് നീതി വേണം’ എന്ന പോസ്റ്ററുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
വിധി പകര്‍പ്പ് ലഭിച്ച ശേഷം അപ്പീല്‍ നല്‍കാനാണ് തീരുമാനം എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. തെളിവുകളുടെ അഭാവത്തിലും പ്രോസിക്യൂഷന്‍ കേസിന്റെ വിചാരണയില്‍ പരാജയപ്പെട്ടതിലും കാരണമാണ് കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടത്. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രീയ സംഘടനകളും സമൂഹ മാധ്യമങ്ങളിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്. മുഖ്യമന്ത്രി പുനരന്വേഷണം പ്രഖ്യാപിക്കണം, സര്‍ക്കാര്‍ കേസില്‍ അപ്പീല്‍ പോകണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധങ്ങള്‍. വിധി പകര്‍പ്പ് ലഭിച്ച ശേഷം കേസില്‍ അപ്പീല്‍ നല്‍കാനാണ് പൊലീസിന്റെ തീരുമാനം. കേസിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പൊലീസിന് വലിയ വീഴ്ച സംഭവിച്ചിരുന്നു. പ്രതികള്‍ പ്രാദേശിക സിപിഎം പ്രവര്‍ത്തകര്‍ ആയതിനാല്‍ ശക്തമായ രാഷ്ട്രീയ ഇടപെടലുകളും നടന്നിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും പോലീസിന്റെ അന്വേഷണ വീഴ്ചയുമാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമായത്.