തിരുവനന്തപുരം : പരാതിക്കാരിയെ അധിക്ഷേപിച്ച വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈനെതിരായ പ്രതിഷേധത്തിലെന്ന പോലെ രാജിവാര്‍ത്തയും ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. ‘എന്നാ പിന്നെ അനുഭവിച്ചോ’ എന്ന ജോസഫൈന്റെ വാക്കുകള്‍ തന്നെ പങ്കുവെച്ചാണ് സോഷ്യല്‍മീഡിയയിലെ പരിഹാസം.
പരാമർശത്തില്‍ കേരളം ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു ജോസഫൈന്റെ രാജി. വാർത്താചാനലിന്റെ തത്സമയ ഫോണ്‍ ഇന്‍ പരിപാടിയിലായിരുന്നു മോശം പെരുമാറ്റം. പൊതുസമൂഹത്തിലും അധ്യക്ഷയ്ക്കെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. അധ്യക്ഷസ്ഥാനത്ത് ഇനി എട്ടുമാസം കൂടി ബാക്കിയിരിക്കെയാണ് രാജി.
വിവിധ പരാതികളില്‍ വനിതാ കമ്മിഷന്റെ സഹായം തേടാന്‍ സ്ത്രീകള്‍ക്ക് അവസരമൊരുക്കി വാർത്താചാനല്‍ നടത്തിയ പരിപാടിക്കിടെ ആയിരുന്നു പരാമര്‍ശം. വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സിപിഎം നേതാക്കളും പ്രവർത്തകരും ഉള്‍പ്പെടെ ജോസഫൈന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി.
ഭര്‍ത്താവില്‍നിന്നു മര്‍ദനമേറ്റെന്ന പരാതിയുമായി വിളിച്ച എറണാകുളം സ്വദേശി ലിബിനയോടുള്ള സംഭാഷണത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഇതില്‍, ഭര്‍ത്താവ് തല്ലുന്നത് പൊലീസിലറിയിച്ചില്ലേ എന്ന ചോദ്യത്തിനു ലിബിന ഇല്ലെന്നു മറുപടി പറഞ്ഞപ്പോള്‍ ‘എന്നാപ്പിന്നെ അനുഭവിച്ചോ’ എന്നായിരുന്നു ജോസഫൈന്റെ മറുപടി. ഇതോടെ ജോസഫൈനെ നീക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പൊതുസമൂഹം ഒറ്റക്കെട്ടായി ജോസഫൈനെതിരെ പ്രതിഷേധം ഉയര്‍ത്തിയതോടെ ഗത്യന്തരമില്ലാതെ സിപിഎം രാജി എഴുതിവാങ്ങിക്കുകയായിരുന്നു.
വിവാദം കത്തുന്നതിനിടെ വീണ്ടും നിരുത്തരവാദപരമായ പരാമര്‍ശവുമായി രംഗത്തെത്തിയതും വലിയ ചർച്ചയായി. സ്ത്രീധനം നല്കുകയാണെങ്കില് പെണ്‍കുട്ടിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കണമെന്നായിരുന്നു പരാമര്‍ശം. കൊല്ലം നിലമേലില്‍ മരിച്ച വിസ്മയയുടെ വീട് സന്ദര്‍ശിച്ചശേഷമായിരുന്നു ജോസഫൈന് ഇങ്ങനെ പ്രതികരിച്ചത്.
‘സ്ത്രീകൾക്ക് യഥാർഥത്തിൽ വേണ്ടത് ജന്മസിദ്ധമായ സ്വത്തവകാശമാണ്. മാതാപിതാക്കളുടെ സ്വത്തിൽ അവകാശം. ഇനി അഥവാ സ്ത്രീധനം കൊടുക്കുകയാണെങ്കിൽ അത് പെൺകുട്ടിയുടെ പേരിൽ രജിസ്റ്റർ ചെയ്ത് അവളുടെ ബാങ്ക് അക്കൗണ്ടിൽ ഇടണം. ഇത്തരത്തിലുള്ള മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാവണം. സ്ത്രീധനസമ്പ്രദായം അവസാനിപ്പിക്കാനുള്ള നിയമപരമായ നടപടിയെക്കുറിച്ച് ആലോചിക്കണം.’– എന്നായിരുന്നു ജോസഫൈന്റെ പ്രസ്താവന.