വിജയിച്ചവർ കൂട്ടം കൂടി കേക്ക് മുറിക്കുന്നു; ജയിപ്പിച്ചവർ വീട്ടുതടങ്കലിൽ; എൽഡിഎഫ് ആഘോഷത്തിനെതിരെ സോഷ്യൽ മീഡിയ

Jaihind Webdesk
Monday, May 17, 2021

 

തിരുവനന്തപുരം : ട്രിപ്പിള്‍ ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് ആള്‍ക്കൂട്ടങ്ങളെ പങ്കെടുപ്പിച്ചുള്ള ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതിനിടെ മാനദണ്ഡങ്ങള്‍ ലംഘിച്ച് എല്‍ഡിഎഫിന്റെ വിജയാഘോഷം.എൽ.ഡി.എഫ് തുടർഭരണത്തിൽ എ.കെ.ജി സെൻററിലാണ് വിജയാഘോഷം നടന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും നേതാക്കളും കേക്ക് മുറിച്ച് ആഘോഷിച്ച ചിത്രം പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന തലസ്ഥാന നഗരിയിൽ സാമൂഹിക അകലം പാലിക്കാതെയാണ് കേക്ക് മുറിയെന്നാണ് വിമർശനം.

വിവിധ ഘടകകക്ഷി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രി കേക്ക് മുറിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ ഇതിൻറെ ചിത്രവും ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. പിന്നാലെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു. അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തി. രാവിലെ ആൾക്കൂട്ട കേക്ക് മുറി, വൈകിട്ട് കൊവിഡ് സാരോപദേശം എന്ന് ഒരാൾ പറഞ്ഞപ്പോൾ, വിജയിച്ചവർ കൂട്ടം കൂടി കേക്ക് മുറിക്കും ജയിപ്പിച്ചവർ വീട്ടുതടങ്കലിൽ ഇരിക്കുമെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.

നിയമങ്ങളും നിയന്ത്രണങ്ങളും സർക്കാരിന് ബാധകമല്ലേ എന്ന ചോദ്യം ഉന്നയിക്കുന്നവരുമുണ്ട്. മറ്റ് ചിലരാകട്ടെ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മുഖ്യമന്ത്രിയെ ഓർമ്മിപ്പിക്കുന്നു. സാധാരണക്കാരന്റെ വ്യാകുലതകൾ പങ്കുവെയ്ക്കുന്നവരും കുറവല്ല. തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനിടെ സത്യപ്രതിജ്ഞാച്ചടങ്ങ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനവും നേരത്തെ വിവാദമായിരുന്നു.