തുല്യനീതി ഉറപ്പാക്കാന്‍ ദേശീയ കൗൺസിൽ, ജാതി സെന്‍സസ്; ന്യൂനപക്ഷ-വനിതാ കമ്മീഷനുകള്‍ക്ക് ഭരണഘടനാ പദവി, രോഹിത് വെമുല നിയമം: സുപ്രധാന പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസിന്‍റെ സാമൂഹ്യനീതി പ്രമേയം

റായ്പുർ: അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ സാമൂഹ്യനീതി പ്രമേയം. പിന്നാക്ക വിഭാഗങ്ങളുടെ താൽപര്യവും പ്രാതിനിധ്യവും സംരക്ഷിക്കും. എസ്‌സി, എസ്ടി, ഒബിസി ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ അവകാശവും അന്തസും ഉയർത്തിപ്പിടിക്കാൻ രോഹിത് വെമുല നിയമം കൊണ്ടുവരും.

തുല്യനീതി ഉറപ്പാക്കാൻ നാഷണൽ കൗൺസിൽ ഫോർ സോഷ്യൽ ജസ്റ്റിസ് രൂപീകരിക്കും. ന്യൂനപക്ഷ കമ്മീഷനും വനിതാ കമ്മീഷനും ഭരണഘടനാ പദവി നൽകുമെന്നും സാമൂഹ്യനീതി പ്രമേയത്തിൽ സൂചിപ്പിച്ചു. കോൺഗ്രസ് അധികാരത്തില്‍ വന്നാൽ കേന്ദ്ര ബജറ്റിന്‍റെ ഒരു ഭാഗം പിന്നാക്ക വിഭാഗത്തിന്‍റെ ക്ഷേമത്തിനായി നീക്കി വെക്കുമെന്നും പിന്നാക്ക ക്ഷേമനിധി മന്ത്രാലയം രൂപീകരിക്കുമെന്നും പ്രമേയത്തിൽ ഉറപ്പ് നൽകി. ഉന്നത നീതിപീഠങ്ങളിൽ എസ്‌സി, എസ്ടി, ഒബിസി വിഭവങ്ങൾക്ക് സംവരണം ഏർപ്പെടുത്തും.ഇതിലൂടെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് സഹായകരമാകും.

ദേശീയ സാമ്പത്തിക സർവേയുടെ മാതൃകയിൽ സാമൂഹ്യ നീതി റിപ്പോർട്ടുകൾ തയാറാക്കും. ഇതിനായി പുതിയ നയം രൂപീകരിക്കും. ഇതോടൊപ്പം സാമൂഹിക-സാമ്പത്തിക-ജാതി സെൻസസും നടത്തുമെന്നും സാമൂഹ്യനീതി പ്രമേയത്തിൽ പറയുന്നു. സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങളിൽ തുല്യത ഉറപ്പാക്കുന്നതിനായി എസ്‌സി-എസ്ടി-ഒബിസി വിഭാഗങ്ങളിലേക്കുള്ള സംവരണം നടപ്പിലാക്കും. രാജ്യത്ത് അവസരങ്ങൾ തുല്യമാണെന്ന് ഉറപ്പാക്കുന്നത് കോൺഗ്രസിന്‍റെ പ്രഖ്യാപിത നയമാണെന്നും പ്രമേയത്തിൽ വ്യക്തമാക്കി.

Comments (0)
Add Comment