മുരളീധരപക്ഷത്തിന് കനത്ത തിരിച്ചടി ; കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ ബിജെപി സ്ഥാനാർഥി

Jaihind News Bureau
Wednesday, March 17, 2021

 

ന്യൂഡല്‍ഹി : വി.മുരളീധരപക്ഷത്തിന് കനത്ത തിരിച്ചടി. ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർഥി. പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെയാണ്  ശോഭയുടെ സ്ഥാനാർഥിത്വം. 115 സീറ്റുകളിലേക്കും ഉള്ള ബിജെപി സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായി.

എം സുനിൽ കൊല്ലത്തും മുകുന്ദൻ പള്ളിയറ മാനന്തവാടിയിലും ജനവിധി തേടും. നേരത്തെ മാനന്തവാടിയിലെ ബിജെപി സ്ഥാനാർഥി സ്വയം പിന്മാറിയിരുന്നു. തന്നോട് ആലോചിക്കാതെ സ്ഥാനാർഥിയാക്കി എന്ന് വ്യക്തമാക്കിയായിരുന്നു പിന്മാറ്റം. അതേസമയം പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെയാണ്  ശോഭയുടെ സ്ഥാനാർഥിത്വം. ശോഭ സുരേന്ദ്രന് സ്ഥാനാർഥിത്വം നൽകാതിരിക്കാനുള്ള കെ സുരേന്ദ്രന്‍റെയും വി മുരളീധരന്‍റെയും ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് തീരുമാനം.

സ്ഥാനാർത്ഥി നിർണയത്തിന്‍റെ ആദ്യഘട്ടം മുതൽ ശോഭ സുരേന്ദ്രനെ ഒഴിവാക്കാനായിരുന്നു മുരളിധര പക്ഷത്തിന്‍റെ ശ്രമം. ശോഭ സുരേന്ദ്രന് സീറ്റ് നൽകിയാൽ സംസ്ഥാന അധ്യക്ഷ പദം ഒഴിയുമെന്ന് കെ സുരേന്ദ്രൻ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വത്തിന്റെ കടുംപിടുത്തത്തെ അവഗണിച്ചാണ് കേന്ദ്ര നേതൃത്വം തീരുമാനം കൈക്കൊണ്ടത്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ബിജെപിയിൽ പുതിയ ചെറിപ്പോരിന് വഴി തുറക്കും എന്നാണ് വിലയിരുത്തൽ.