ബിസ്ക്കറ്റിന്‍റെ മറവില്‍ നിരോധിത പുകയില ഉത്പന്ന കടത്ത്; ഒന്നര കോടിയുടെ പാന്‍ മസാലയുമായി മൂന്ന് പേർ എക്സൈസ് പിടിയില്‍

 

മലപ്പുറം: എടപ്പാളില്‍ വന്‍തോതില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. വിപണിയില്‍ ഒന്നര കോടി വില വരുന്ന മൂന്ന് ലക്ഷം പുകയില പാക്കറ്റുകളാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് ഉത്തരമേഖലാ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഉത്പന്നങ്ങള്‍ പിടികൂടിയത്. മൂന്ന് പേരെ പിടികൂടിയിട്ടുണ്ട്.

എടപ്പാള്‍ വട്ടംകുളത്തെ ബിസ്‌കറ്റ് ഗോഡൗണിന്‍റെ മറവിലാണ് പുകയില ഉത്പന്നങ്ങള്‍ ഇടപാട് നടത്തിയത്. ഹാൻസ്, ശംഭു അടക്കമുള്ള പുകയില ഉത്പന്നങ്ങൾ പിടികൂടിയവയിലുണ്ട്. പുകയില ഉത്പന്നങ്ങളുടെ 2 ലക്ഷത്തോളം പാക്കറ്റുകൾ രണ്ട് ലോറികളിലായാണ് എടപ്പാളിലെത്തിച്ചത്. വട്ടംകുളത്തെ ഗോഡൗണില്‍ പുകയില ഉത്പന്നങ്ങൾ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ എക്സൈസ്, പോലീസ് സംഘം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പട്ടാമ്പി സ്വദേശി രമേശ്, അലി, നെടുമങ്ങാട് സ്വദേശി ഷമീര്‍ എന്നിവരാണ് പിടിയിലായത്. ഗോഡൗണ്‍ ഉടമ വെളിയംകോട് സ്വദേശി ഷൗക്കത്തിനായി പോലീസ് തെരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്.

Comments (0)
Add Comment