പിതാവിന്റെ ആരോഗ്യനില മോശം; സ്മൃതി മന്ദാന-പലാഷ് മുച്ഛല്‍ വിവാഹം മാറ്റിവച്ചു

Jaihind News Bureau
Sunday, November 23, 2025

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെയും സംഗീത സംവിധായകന്‍ പലാഷ് മുച്ഛലിന്റെയും വിവാഹം മാറ്റിവച്ചു. ഇന്ന് നടക്കേണ്ടിയിരുന്ന ചടങ്ങുകളാണ് സ്മൃതിയുടെ പിതാവിന് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് മാറ്റിവച്ചത്.

വിവാഹ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ സ്മൃതി മന്ദാനയുടെ പിതാവ് ശ്രീനിവാസ് മന്ദാനയ്ക്ക് പെട്ടെന്ന് അസുഖം ബാധിക്കുകയും അദ്ദേഹത്തെ സാംഗ്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം മാത്രമേ വിവാഹം നടത്തുകയുള്ളൂ എന്ന് സ്മൃതി മന്ദാന തീരുമാനിച്ചതായി മാനേജര്‍ അറിയിച്ചു.

പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നം കാരണം ചടങ്ങുകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കുന്നതായി വിവാഹത്തിന്റെ ചുമതലയുള്ള സംഘം അറിയിച്ചു. വിവാഹം നടക്കേണ്ടിയിരുന്ന സാംഗ്‌ളിയിലെ വേദിയില്‍ അലങ്കാരങ്ങള്‍ മാറ്റുന്ന നടപടികള്‍ ആരംഭിച്ചു.

വിവാഹനിശ്ചയം കഴിഞ്ഞ വിവരം സ്മൃതി മന്ദാന അടുത്തിടെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹല്‍ദി, സംഗീത് പോലുള്ള വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ നടന്നു വരികയായിരുന്നു. അടുത്ത ബന്ധുക്കളും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ സഹതാരങ്ങളും ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.