കളിക്കളത്തിലെ കവര്‍ ഡ്രൈവ് രാജ്ഞിക്ക് ഇനി പ്രണയത്തിന്റെ ഇന്നിങ്സ്; സ്മൃതി മന്ദാനയും പലാഷ് മുച്ചലും വിവാഹത്തിലേക്ക്

Jaihind News Bureau
Friday, November 21, 2025

മുംബൈ: ലോകകപ്പ് വിജയത്തിന്റെ മധുരം മായുംമുമ്പേ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന തന്റെ ജീവിതത്തിലെ പുതിയ ഇന്നിങ്സിന് തുടക്കം കുറിക്കുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ പലാഷ് മുച്ചലുമായി വര്‍ഷങ്ങളായുള്ള പ്രണയം പൂവണിയുമ്പോള്‍, സ്മൃതിയുടെ സന്തോഷത്തില്‍ ഒപ്പം ചേരുകയാണ് ക്രിക്കറ്റ് ലോകവും സോഷ്യല്‍ മീഡിയയും. നവംബര്‍ 23-നാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

വര്‍ഷങ്ങളായി തുടരുന്ന പ്രണയം ഒടുവില്‍ വിവാഹത്തിലേക്ക് കടക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം സ്മൃതി നടത്തിയത് വളരെ രസകരമായ ഒരു നൃത്ത വീഡിയോയിലൂടെയാണ്. ടീം അംഗങ്ങളായ ജെമീമ റോഡ്രിഗസ്, രാധ യാദവ്, ശ്രേയങ്ക പാട്ടീല്‍ എന്നിവര്‍ക്കൊപ്പമുള്ള നൃത്ത വീഡിയോയുടെ ഒടുവില്‍ സ്മൃതി വിവാഹ മോതിരം ഉയര്‍ത്തിക്കാട്ടുകയായിരുന്നു. ‘സംജോ ഹോ ഹി ഗയാ’ എന്ന ഗാനത്തിനൊത്തുള്ള ഈ നൃത്തം നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി.

തൊട്ടുപിന്നാലെ, ലോകകപ്പ് കിരീടം നേടിയ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ വെച്ച് പലാഷ് സ്മൃതിക്ക് വിവാഹാഭ്യര്‍ഥന നടത്തുന്ന മനോഹരമായ വീഡിയോയും പുറത്തുവന്നു. പലാഷ് മുച്ചല്‍ തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്. ‘അവള്‍ ‘യെസ്’ പറഞ്ഞു’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ ദൃശ്യങ്ങള്‍ ആരാധകരുടെ മനസ്സ് കവര്‍ന്നു.

വിവാഹത്തിന്റെ മുന്നോടിയായുള്ള ഹല്‍ദി ചടങ്ങുകള്‍ സ്മൃതിയുടെ ജന്മനാടായ സംഗ്ലിയില്‍ വെള്ളിയാഴ്ച നടന്നു. മഞ്ഞ വസ്ത്രത്തില്‍ തിളങ്ങിയ വധുവിന്റെ ചിത്രങ്ങള്‍ സഹതാരങ്ങളായ ജെമീമയും മറ്റും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ മറ്റ് താരങ്ങളും ആഘോഷങ്ങളില്‍ സജീവമായി പങ്കെടുക്കുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ആശംസകള്‍ സ്മൃതിക്ക് വിവാഹാശംസകള്‍ നേര്‍ന്നു. ‘സ്മൃതിയുടെ കവര്‍ ഡ്രൈവിന്റെ ചാരുത പലാഷിന്റെ സംഗീത സിംഫണിയുമായി ചേരുമ്പോള്‍ മനോഹരമായ ഒരു കൂട്ടുകെട്ടുണ്ടാകും,’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ആശംസാ സന്ദേശത്തിലെ വരികള്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും സൗന്ദര്യമുള്ള ബാറ്റിംഗ് ശൈലിക്ക് ഉടമയായ സ്മൃതി മന്ദാന, മൈതാനത്തും ജീവിതത്തിലും ഒരുപോലെ പുതിയ റെക്കോര്‍ഡുകള്‍ നേടുന്നതിന്റെ ആഹ്ലാദത്തിലാണ് ആരാധക ലോകം.