‘ഈ അധ്യായം ഇവിടെ അവസാനിക്കുന്നു’; പലാഷ് മുച്ചലുമായുള്ള വിവാഹം റദ്ദാക്കി; സ്ഥിരീകരിച്ച് സ്മൃതി മന്ദാന

Jaihind News Bureau
Sunday, December 7, 2025

 

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകന്‍ പലാഷ് മുച്ചലുമായുള്ള വിവാഹം റദ്ദാക്കിയെന്ന വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിവാഹം നീട്ടിവെച്ചതുമായി ബന്ധപ്പെട്ട് ദിവസങ്ങളായി നിലനിന്ന അഭ്യൂഹങ്ങള്‍ക്കാണ് താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അന്ത്യമായത്.

തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് സ്മൃതി മന്ദാന വിവരം അറിയിച്ചത്. ‘വിവാഹ ബന്ധം ഞങ്ങള്‍ റദ്ദാക്കിയിരിക്കുന്നു. ഈ അധ്യായം ഇവിടെ അവസാനിക്കുന്നു. ദയവായി രണ്ട് കുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണം,’ പോസ്റ്റില്‍ താരം കുറിച്ചു.

പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച സ്മൃതി, മുന്നോട്ട് പോകാന്‍ സമയമായെന്നും കൂട്ടിച്ചേര്‍ത്തു. വിവാഹ നിശ്ചയ മോതിരമില്ലാത്ത ചിത്രം പങ്കുവെച്ചതിന് പിന്നാലെയാണ് സ്ഥിരീകരണം എന്നത് ശ്രദ്ധേയമാണ്. വ്യക്തിപരമായ തീരുമാനങ്ങള്‍ കരിയറിനെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയ സ്മൃതി, ഇന്ത്യന്‍ ടീമിനുവേണ്ടി തുടര്‍ന്നും കളിച്ച് ട്രോഫികള്‍ സ്വന്തമാക്കുകയാണ് തന്റെ ഇനിയുള്ള ലക്ഷ്യമെന്നും സ്മൃതി വ്യക്തമാക്കി.

ഈ വര്‍ഷം ഡിസംബറില്‍ നടക്കേണ്ടിയിരുന്ന വിവാഹം, കഴിഞ്ഞ മാസം 23-ന് നടക്കേണ്ട ചടങ്ങുകള്‍ക്ക് തൊട്ടുമുമ്പ് സ്മൃതിയുടെ പിതാവിന്റെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. വിവാഹം മാറ്റിവെച്ചതിന് പിന്നാലെ, സ്മൃതിയും ഇന്ത്യന്‍ ടീമിലെ സുഹൃത്തുക്കളും വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തത് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി.

വിവാഹം മാറ്റിവെച്ചതിന് പിന്നില്‍ പലാഷ് മുച്ചാലിന്റെ വഴിവിട്ട ബന്ധങ്ങളാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. എന്നാല്‍, ഇതിനോടൊന്നും ഇരു കുടുംബങ്ങളും പ്രതികരിച്ചിരുന്നില്ല. ഏറെ ചര്‍ച്ചകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഒടുവില്‍, സ്മൃതി മന്ദാനയുടെ ഈ ഔദ്യോഗിക പ്രസ്താവന എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടിരിക്കുകയാണ്.