സ്മൃതി ഇറാനിയ്ക്ക് യുഎസ് ഫണ്ടുമായി ബന്ധം; തെളിവുകള്‍ പുറത്തു വിട്ട് കോണ്‍ഗ്രസ്

Jaihind News Bureau
Thursday, February 20, 2025

ഇന്ത്യയിലെ വോട്ടര്‍മാരുടെ പങ്കാളിത്തം കൂട്ടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യു എസ് ഏജന്‍സികള്‍ നല്‍കിവന്ന പണം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതോടെ ബിജെപിയുടെ യഥാര്‍ത്ഥ മുഖം പുറത്തുവന്നതായി കോണ്‍ഗ്രസ് . ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയുടെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (യുഎസ്എഐഡി) മുന്‍കാല ബന്ധത്തെ കോണ്‍ഗ്രസ് ചോദ്യം ചെയ്തു.ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നടത്തുന്ന ഒരു പ്രോഗ്രാമിനായി യുഎസ്എഐഡിയുടെ ഇന്ത്യയിലെ ഗുഡ്വില്‍ അംബാസഡര്‍ എന്ന നിലയില്‍ അവരുടെ പങ്ക് സൂചിപ്പിക്കുന്ന പഴയ രേഖകള്‍ കോണ്‍ഗ്രസ് പുറത്തു വിട്ടു. ജാര്‍ജ്ജ് സോറോസിന്റെ യഥാര്‍ത്ഥ ഏജന്റ് ആരൊക്കെയെന്ന് ഇതോടെ തെളിഞ്ഞതായി കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പ്രതികരിച്ചു.

യുഎസ്എഐഡിയുടെ ഇന്ത്യയിലെ ഗുഡ്വില്‍ അംബാസഡര്‍ എന്ന നിലയില്‍ സ്മൃതി ഇറാനി നടത്തിയ പ്രവര്‍ത്തനങ്ങളുടെ രേഖകളും സര്‍ക്കാര്‍ വെബ്സൈറ്റിലെ ഇറാനിയുടെ പ്രൊഫൈല്‍ ചിത്രങ്ങളും കോണ്‍ഗ്രസ് നേതാവും കര്‍ണാടക മന്ത്രിയുമായ പ്രിയങ്ക് ഖാര്‍ഗെ പുറത്തു വിട്ടു. എക്സില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു, ‘സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, ശ്രീമതി സ്മൃതി ഇറാനിയുടെ ബയോയില്‍ അവര്‍ ഇന്ത്യയിലെ യുഎസ്എഐഡിയുടെ ‘ഗുഡ്വില്‍ അംബാസഡര്‍’ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ബിജെപി രാഷ്ട്രീയക്കാര്‍ ജോര്‍ജ്ജ് സോറോസിന്റെ യഥാര്‍ത്ഥ ഏജന്റുമാരാണെന്ന് ഇത് സൂചിപ്പിക്കുന്നുണ്ടോ?’ പോസ്റ്റ് പുറത്തു വന്നതോടെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും ‘ജോര്‍ജ്ജ് സോറോസിന്റെ യഥാര്‍ത്ഥ ഏജന്റ് സ്മൃതി ഇറാനിയായി മാറുന്നു’ എന്ന് പ്രതികരിച്ചു.

കോണ്‍ഗ്രസിന്റെ ഈ വെളിപ്പെടുത്തല്‍ ഭാരതീയ ജനതാ പാര്‍ട്ടിയുമായി ചൂടേറിയ വാദപ്രതിവാദത്തിലേക്ക് നയിച്ചു. ഒരു നടി എന്ന നിലയില്‍ സ്മൃതി ഇറാനിയുടെ ജനപ്രീതി കണക്കിലെടുത്താണ് 2002 മുതല്‍ 2005 വരെ അവര്‍ ഗുഡ്വില്‍ അംബാസഡറായി നിയമിക്കപ്പെട്ടതെന്ന് കോണ്‍ഗ്രസിന്റെ അവകാശവാദങ്ങള്‍ക്ക് മറുപടിയായി ബിജെപി വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിത് ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഇറാനി പങ്കെടുത്ത WHO കാമ്പെയ്ന്‍ ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ അംഗീകരിച്ചിരുന്നുവെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.

യുഎസ് സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കാനുള്ള ചുമതല കോടീശ്വരന്‍ എലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള DOGEനാണ് നല്‍കിയിരിക്കുന്നത്. ‘ഇന്ത്യയിലെ വോട്ടര്‍മാരുടെ വോട്ടെടുപ്പിനായി’ യുഎസ്എഐഡി 21 മില്യണ്‍ ഡോളര്‍ അനുവദിച്ചതായി അവര്‍ കണ്ടെത്തുകയും അത് റദ്ദാക്കുകയുമായിരുന്നു.