‘ഞാനാരാണെന്ന് നിങ്ങൾക്ക് അറിയില്ല’ സോണിയാ ഗാന്ധിക്കെതിരെ അലറിവിളിച്ച് സ്മൃതി ഇറാനി; നടപടി വേണമെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Friday, July 29, 2022

ന്യൂഡൽഹി: ലോക്‌സഭയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോട് കേന്ദ്രമന്ത്രിമാരും ബിജെപി എംപിമാരും അപമര്യാദയായി പെരുമാറിയെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് സ്പീക്കർക്ക് കോൺഗ്രസ് നോട്ടീസ് നൽകി. സംഭവം അവകാശലംഘന സമിതി അന്വേഷിക്കണമെന്നാണ് ആവശ്യം.

കോൺഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതി എന്നതിന് ‘രാഷ്ട്രപത്‌നി’ എന്നു പറഞ്ഞെന്നതിനെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിന്‍റെ തുടർച്ചയായിരുന്നു സംഭവം. സ്മൃതി ഇറാനി സോണിയാ ഗാന്ധിയോട് അപമര്യാദയായി പെരുമാറിയെന്നും മോശം വാക്കുകൾ ഉപയോഗിച്ചെന്നും എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രസ്താവനയില്‍ ആരോപിച്ചു.

‘ബിജെപി എംപി രമാദേവിയുമായി സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി. ഇതിനിടെ സോണിയ ഗാന്ധിയുടെ അടുത്തേക്ക് വന്ന സ്മൃതി ഇറാനി തീർത്തും മോശമായ വാക്കുകൾ ഉപയോഗിച്ചാണ് സംസാരിച്ചത്. സോണിയ മാന്യമായി മറുപടി പറഞ്ഞെങ്കിലും, ‘ഞാനാരാണെന്ന് നിങ്ങൾക്ക് അറിയില്ല’ എന്ന് സ്മൃതി ഇറാനി അലറി. കോൺഗ്രസിന്‍റെയും മറ്റ് പാർട്ടികളുടെയും എംപിമാർ ഇതിനു സാക്ഷികളാണ്’ – ജയറാം രമേശ് പ്രസ്താവനയിൽ പറഞ്ഞു.

‘‘ഇത് എന്തൊരു പെരുമാറ്റമാണ്? ഒരു എംപിക്ക് ഒപ്പമുള്ള എംപിയോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യമില്ലേ? സ്മൃതി ഇറാനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ തികച്ചും മാന്യമായി രാഷ്ട്രീയമായ രീതിയിൽ പറയാം. ഒരു പാർട്ടിയുടെ പ്രസിഡന്‍റ് കൂടിയായ മുതിർന്ന എംപിക്കെതിരെ എന്തിനാണ് ഇത്തരമൊരു നയം സ്വീകരിക്കുന്നത്?’ – ജയറാം രമേശ് ചോദിച്ചു.

അതേസമയം മകൾക്കെതിരെ ഗോവയിലെ ബാർ വിഷയം ഉന്നയിച്ചതിന്‍റെ അസ്വസ്ഥതയാണ് സ്മൃതി ഇറാനി പ്രകടിപ്പിച്ചതെന്ന് കോൺഗ്രസിലെ ഗൗരവ് ഗൊഗോയി പറഞ്ഞു. 75 വയസുള്ള മുതിർന്ന വനിതാ നേതാവിനെ ചെന്നായ്ക്കളെപ്പോലെ വളയുന്നതാണ് ലോക്സഭയിൽ കണ്ടതെന്നു തൃണമൂൽ എംപി മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. സംഭവം അവകാശലംഘന സമിതി അന്വേഷിക്കണമെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് സ്പീക്കർക്ക് കോൺഗ്രസ് നോട്ടീസ് നൽകി.