കോഴിക്കോട് നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ എല്ലാം കണ്ടെയ്ൻമെൻ്റ് സോണിൽ

Jaihind News Bureau
Thursday, July 30, 2020

കോഴിക്കോട് നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ എല്ലാം കണ്ടെയ്ൻമെൻ്റ് സോണിൽ. വലിയങ്ങാടിയും മിഠായ് തെരുവും പൂർണമായും അടച്ചതോടെ നഗരം ഏറെക്കുറെ നിശ്ചലമാണ്. വലിയങ്ങാടി വാർഡ് കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചതിനെത്തുടർന്നാണ് മിഠായി തെരുവും അടച്ചത്.

കൊവിഡ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായാണ് മിഠായിതെരുവ് അടക്കുകയും വലിയങ്ങാടിയിൽ കർശന നിയന്ത്രണമേർപ്പെടുത്താനും ജില്ല ഭരണകൂടം തീരുമാനിച്ചത്. പുതിയ ബസ്റ്റാൻ്റ് പരിസരത്തും കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. മറ്റു സ്ഥലങ്ങളിലെല്ലാം അവശ്യ സാധനങ്ങളുടെ കടകൾ തുറന്നാൽ മതിയെന്ന വ്യവസ്ഥയിൽ കടകളെല്ലാം പൊലിനും ആരോഗ്യ വകുപ്പും ചേർന്ന് പൂട്ടിച്ചു. പാളയത്തും കർശന നിയന്ത്രണങ്ങളോടെയാണ് ആളുകളെ കയറ്റുന്നത്. നഗരത്തിൽ വലിയങ്ങാടി കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് മിഠായി തെരുവ് അടച്ചത്.

കർശന നിയന്ത്രണത്തിൻ്റെ ഭാഗമായി റോഡുകൾ ബാരിക്കേഡ് വച്ച് അടച്ചു. വലിയങ്ങാടിയിൽ പലചരക്ക് കടകൾ മാത്രം തുറക്കും. പകൽ 10 മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തനാനുമതി. കടക്ക് മുന്നിൽ 3 പേരിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല. പ്രദേശത്ത് കയറ്റിറക്ക് തൊഴിലാളികളുടെ എണ്ണം മൂന്നിലൊന്നാക്കി ചുരുക്കി. അത്കൊണ്ട് തന്നെ ചരക്ക് ലോറികളുടെ നീണ്ട നിരയും വലിയങ്ങാടി പ്രദേശത്ത് ഉണ്ട്. കോർട്ട് റോഡിൻ്റെ തെക്ക് ഭാഗത്ത് നിന്നാണ് നിയന്ത്രണം. ഈ വാർഡിൽ ഭക്ഷ്യ- അവശ്യ വസ്തുക്കളുടെ വിപണനം, മറ്റ് അവശ്യ സർവീസുകൾ എന്നിവക്ക് നിരോധനം ബാധകമല്ല. കോർട്ട് റോഡിൻ്റെ വടക്കുഭാഗം – കോടതി സമുച്ചയം, കോർപറേഷൻ ഓഫീസ്, ഫയർ സ്റ്റേഷൻ, ആകാശവാണി നിലയം എന്നിവയുള്ളതിനാൽ കണ്ടെയിൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കി.