ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവള വികസന പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായ കാലതാമസം നേരിടുന്നതില്‍ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കോൺഗ്രസ് പാർലമെന്‍ററി പാർട്ടി സെക്രട്ടറി എം.കെ രാഘവൻ എം.പി പാർലമെന്‍റിന്‍റെ ശൂന്യവേളയിൽ ആവശ്യപ്പെട്ടു.
റെസ(runway end safety area –RESA) നവീകരണത്തിൽ വരുന്ന അനാവശ്യമായ കാലതാമസം മൂലം എയർപോർട്ടിനെ ആശ്രയിക്കുന്ന യാത്രക്കാർക്കും, പ്രത്യേകിച്ച് പ്രവാസികൾക്ക് യാത്രാ സൗകര്യം നിഷേധിക്കുന്ന സാഹചര്യമുണ്ട്. റൺവേ നീളം കുറക്കാതെ തന്നെ റെസ (runway end safety area –RESA) നവീകരണം എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ സംസ്ഥാന സർക്കാരുമായി സംയുക്തമായി മുന്നോട്ട് പോകണമെന്ന് എം.പി ആവശ്യപ്പെട്ടു.
2860 മീറ്റർ റൺവേ റീകാർപ്പറ്റിങ്ങിനായി കോഴിക്കോട് പതിനൊന്ന് മാസം സമയമെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ അഹമ്മദാബാദ് എയർപ്പോർട്ടിൽ രണ്ടര മാസം കൊണ്ടും, കൊച്ചിയിൽ നാലുമാസത്തിൽ താഴെ മാത്രമെ റീകാർപ്പറ്റിങ്ങിനായി സമയമെടുത്തുള്ളു. ഇതേ പ്രവര്‍ത്തി കോഴിക്കോട് എയർപോർട്ടിലും നാല് മാസത്തിനകം പൂർത്തീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എം.കെ രാഘവന്‍ എം.പി ആവശ്യപ്പെട്ടു.
കോഴിക്കോട് നിന്നുള്ള കാർഗോ കയറ്റുമതിക്കായി വിമാന കമ്പനികള്‍ ഉയർന്ന നിരക്ക് ഈടാക്കുന്ന സാഹചര്യവും എം.കെ രാഘവന്‍ ചൂണ്ടിക്കാട്ടി. ഇത് കയറ്റുമതിയില്‍ വരുത്തിയ ഭീമമായ ഇടിവും മലബാറിലെ കാർഷിക മേഖലയയും സാമ്പത്തിക മേഖലയെയും ഇപ്പോള്‍ തന്നെ ദോഷകരമായി ബാധിച്ചിരിക്കുന്നതായും ഇക്കാര്യത്തില്‍ മന്ത്രാലയത്തിന്‍റെ അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്നും എം.കെ രാഘവന്‍ എം.പി ആവശ്യപ്പെട്ടു.