ചുമട്ടുതൊഴിലാളിയുടെ ആത്മഹത്യ : സിപിഎം നേതാക്കള്‍ക്കെതിരെയുള്ള അന്വേഷണം ഇഴഞ്ഞുനീങ്ങുന്നു

Jaihind Webdesk
Thursday, April 14, 2022

തൃശൂർ : പീച്ചിയിൽ സിപിഎം നേതാക്കൾക്കെതിരെ ആത്മഹത്യ കുറിപ്പ് എഴുതി വെച്ച ശേഷം
സി ഐ ടി യു തൊഴിലാളി ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം മെല്ലെ പോക്കിൽ. സി പി എം നേതാക്കൾക്കെതിരെ ഇതുവരെ കേസ് എടുത്തിട്ടില്ല. അസ്വാഭാവിക മരണത്തിനു കേസെടുത്താണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.

രണ്ട് സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ അത്മഹത്യ കുറിപ്പ് എഴുതി വെച്ച ശേഷമാണ് കോലഞ്ചേരി വീട്ടിൽ സജി ജീവനൊടുക്കിയത്. കത്തിൽ പരാമർശിച്ച പീച്ചി ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കൽ സെക്രട്ടറിക്കും എതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസ് എടുക്കണമെന്നാവശ്യപ്പെട്ട് സജിയുടെ സഹോദരൻ ബിജു പീച്ചി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിക്ക് രസീത് പോലും പോലീസ് നൽകിയില്ല.

അതേസമയം അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണവും തുടങ്ങി. ആദ്യ ഘട്ടം മൊഴിയെടുപ്പ് നടത്തിയ ശേഷമേ കൂടുതൽ വകുപ്പുകൾ ചേർക്കുന്നത് പരിശോധിക്കൂ എന്നാണ് പോലീസിന്റെ വിശദീകരണം. ആത്മഹത്യാ പ്രേരണ കുറ്റത്തിൽ സിപിഎം നേതാക്കളെ രക്ഷപ്പെടുത്താൻ നീക്കം നടക്കുന്നതായി സംശയം ബലപ്പെടുകയാണ്. ഇതിനെതിരെ സിപിഎം അണികൾ വ്യാപക പ്രതിഷേധത്തിലാണ്. സജിയുടെ മരണത്തെ തുടർന്ന് സി പി എമ്മിന്‍റെ  സ്തൂപങ്ങളും കൊടിതോരണങ്ങളും പാർട്ടി പ്രവർത്തകർ തന്നെ നശിപ്പിച്ചിരുന്നു. നേതാക്കളെ അന്തിമോപചാരം അർപ്പിക്കാൻ പോലും അനുവദിച്ചുമില്ല.