കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോൽക്കളിക്കിടെ സ്റ്റേജിലെ കാര്‍പ്പെറ്റിൽ തടഞ്ഞുവീണ് മത്സരാർത്ഥിയുടെ കൈ ഒടിഞ്ഞു. എറണാകുളം തണ്ടെക്കാട് ജമാഅത്ത് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അൽ സുഫിയാനാണ് പരിക്കേറ്റത്. പിന്നാലെ കലോത്സവവേദിക്ക് അരികെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.
ഗുജറാത്തി ഹാളിലെ വേദി അഞ്ചിലായിരുന്നു അപകടമുണ്ടായത്. സ്റ്റേജിലെ കാര്‍പ്പെറ്റിൽ തടഞ്ഞുവീണ് വിദ്യാർത്ഥിയുടെ കൈ ഒടിയുകയായിരുന്നു. എറണാകുളം തണ്ടെക്കാട് ജമാഅത്ത് സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥി അൽ സുഫിയാനാണ് പരിക്കേറ്റത്. വിദ്യാർത്ഥിയെ ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ശക്തമായ പ്രതിഷേധവുമായി വിദ്യാർത്ഥിയുടെ മാതാപിതാക്കളും അധ്യാപകരും സഹപാഠികളും രംഗത്തെത്തി. വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും സുഫിയാന് പരിക്കേറ്റതിനാല്‍ മത്സരിക്കാന്‍ സാധിച്ചില്ല.
11 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന കോല്‍ക്കളി മത്സരം 12 മണിക്ക് ശേഷമാണ് ആരംഭിച്ചത്. മത്സരം തുടങ്ങുന്നതിന് മുന്നേ വിദ്യാർത്ഥികൾ കാർപ്പെറ്റിൽ കളിക്കാൻ കഴിയില്ലെന്ന് പരാതിപ്പെട്ടിരുന്നു. കാർപ്പെറ്റിൽ കളിച്ചാൽ വഴുതി വീഴുമെന്ന ആശങ്കയാണ് അവർ പങ്കുവെച്ചത്. കാർപ്പെറ്റ് മാറ്റുമെന്ന് പറഞ്ഞിരുന്നുവെങ്കിലും രണ്ട് മത്സരങ്ങൾ കഴിഞ്ഞിട്ടും വിഷയത്തിൽ ആരും ഇടപെട്ടില്ല.