ഡല്‍ഹിയിൽ വായുമലിനീകരണ തോതിൽ നേരിയ കുറവ്; ആശ്വാസമായി ആന്‍റി സ്മോഗ് ഗണ്ണുകള്‍

Jaihind Webdesk
Monday, November 27, 2023

 

ഡല്‍ഹി: ഡല്‍ഹിയിൽ വായുമലിനീകരണ തോതിൽ നേരിയ കുറവ് രേഖപ്പെടുത്തി.  മലിനീകരണ തോത് നാനൂറിന് താഴെയെത്തിയിട്ടുണ്ട്. മലിനീകരണത്തിന് ഡല്‍ഹിയിലെ താപനിലയങ്ങളും കാരണമാകുന്നു എന്ന പഠനവും പുറത്തുവന്നു. അടുത്ത കാലത്തെ ഏറ്റവും മോശം വായു മലിനീകരണ തോതാണ് കഴിഞ്ഞ ഒരു മാസമായി രേഖപ്പെടുത്തിയിരിക്കുന്നത്.

മുന്നൂറ്റി എഴുപത്തിയഞ്ചാണ് ഇന്നത്തെ ശരാശരി തോത് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്ന മലിനീകരണ തോതിൽ നേരിയ ആശ്വാസമാണിത്. ഈ മാസം പത്ത് ദിവസമാണ് വായുഗുണനിലവാരം ഗുരുതരാവസ്ഥയിലേക്ക് എത്തിയത്.

ഇതിനു മുൻപ് 2021 ൽ ആണ് ഒരു മാസത്തിൽ 12 ദിവസം തോത് ഗുരുതരാവസ്ഥയിലെത്തിയത്. കാറ്റിന്‍റെ വേഗത കൂടുന്നുണ്ടെന്നും വരുന്ന ഒന്നോ രണ്ടോ ദിവസം കൊണ്ട് മലിനീകരണ തോതിൽ കുറവുണ്ടാകുമെന്നാണ് കരുതുന്നതെന്നും ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായി പറഞ്ഞു. അതേസമയം രാജ്യ തലസ്ഥാനത്തെ മലിനീകരണത്തിൽ എട്ടു ശതമാനത്തോളം ഡല്‍ഹിയിലും ചുറ്റുമുള്ള താപനിലയങ്ങളിൽ നിന്നുളളതാണെന്നാണ് സെന്‍റർ ഫോർ എണ്‍വയോണ്‍മെന്‍റിന്‍റെ പഠനത്തില്‍ വ്യക്തമാക്കുന്നത്. മലിനീകരണ തോത് കുറയ്ക്കാൻ 2026 ഡിസംബർ വരെ താപനിലയങ്ങൾക്ക് സമയം നൽകി.

വായു മലിനീകരണത്തെതുടര്‍ന്ന് ശ്വാസം മുട്ടുന്ന ഡല്‍ഹിയിൽ താത്കാലിക ആശ്വാസമാണ് ആന്‍റി സ്മോഗ് ഗണ്ണുകള്‍. ഇത്തരത്തിൽ കൂടുതൽ ആന്‍റി സ്മോഗ് ഗണ്ണുകള്‍ കൂടുതലായി എത്തിക്കാനാണ് സർക്കാർ നീക്കം. വെള്ളം ചീറ്റി മലിനീകരണം കുറയ്ക്കുന്ന ഒരു ആന്‍റി സമോഗ് ഗണ്‍ ഇന്നു മുതൽ നഗരത്തിൽ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്.