
പശ്ചിമ ബംഗാളിലെ 24 പര്‍ഗാന ജില്ലയിലെ അശോക് നഗറില്‍ അന്തരിച്ച സിപിഎം നേതാവ് ബിജോന്‍ മുഖോപാധ്യായയുടെ പഴയ വീട്ടില്‍ നിന്നും നിരവധി മനുഷ്യ തലയോട്ടികളും അസ്ഥികളും കണ്ടെത്തി. വീട്ടിലെ തറ അറ്റകുറ്റപ്പണിക്കായി കുഴിച്ചെടുക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. ഇവിടെ ഇപ്പോള്‍ താമസിക്കുന്നത് മുഖോപാധ്യായയുടെ മകളാണ്. കണ്ടെത്തലിന് പിന്നാലെ് വന്‍ രാഷ്ട്രീയ വിവാദമാണ് ഉയര്‍ന്നത്.
സിപിഎമ്മിന്റെ ഭരണകാലത്ത് രാഷ്ട്രീയ എതിരാളികളെ കൊന്ന് പാര്‍ട്ടി ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും അടക്കം ചെയ്തുവെന്ന പഴയ ആരോപണങ്ങള്‍ ഇപ്പോള്‍ ഉയരുന്നുണ്ട്. 2011-ലും സിപിഎമ്മിനെതിരെ സമാന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അന്നും സിപിഎം നേതാവും മുന്‍ മന്ത്രിയുമായ സുശാന്തോ ഘോഷിന്റെ വീടിന്റെ പരിസരത്ത് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിരുന്നു. ഏഴ് തൃണമൂല്‍ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ ഘോഷിനെതിരെ ഫോറന്‍സിക് തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റം ചുമത്തിയത്. അശോക് നഗറിലെ പുതിയ കണ്ടെത്തല്‍ ആ സംഭവങ്ങളെ വീണ്ടും ഓര്‍മ്മിപ്പിക്കുകയും സിപിഎം ഭരണകാലത്തെ ക്രൂരതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പുതുജീവനം നല്‍കുകയും ചെയ്യുകയാണ്.
അസ്ഥികുടം കണ്ടെത്തിയ പ്രദേശത്ത് ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. പഴയ കെട്ടിടം പൊളിച്ച് പുതിയത് നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുന്നതിനിടെ പുറത്തുവന്ന ഈ മനുഷ്യാവശിഷ്ടങ്ങളെ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.