‘പ്രവർത്തകന്‍ മരിച്ചതിലെ ദുഃഖമല്ല, കോണ്‍ഗ്രസിനെ കുടുക്കാനുള്ള വൃത്തികെട്ട ഉത്സാഹം’ : വ്യാജപ്രചാരണത്തില്‍ കോടിയേരി മാപ്പ് പറയണമെന്ന് ഷാഫി പറമ്പില്‍

Jaihind News Bureau
Saturday, August 22, 2020

 

കായംകുളം സിയാദ് കൊലക്കേസില്‍ വ്യാജപ്രചാരണം നടത്തുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ എം.എല്‍.എ. രാഷ്ട്രീയ കൊലപാതകം അല്ലെന്ന് വ്യക്തമായിട്ടും കോടിയേരി നടത്തുന്ന ബോധപൂർവമായ ശ്രമമാണ് ഇതെന്നും ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി.

മന്ത്രി ജി സുധാകരനും കോടിയേരിയുടെ ആരോപണം തള്ളി രംഗത്തെത്തി. രാഷ്ട്രീയ കൊലപാതകമല്ല, കായംകുളത്തെ ക്വട്ടേഷൻ-മാഫിയ സംഘങ്ങളെ ചോദ്യം ചെയ്തതിനാണ് ഗുണ്ടകൾ സിയാദിനെ വധിച്ചതെന്നാണ് ജി സുധാകരന്‍ പറഞ്ഞത്. കായംകുളത്തെ മാഫിയ സംഘത്തെക്കുറിച്ചാണ് ചർച്ച വേണ്ടതെന്നും സുധാകരൻ പറഞ്ഞു. അതേസമയം കോൺഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണം. പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടതിലെ ദുഃഖമല്ല, കോൺഗ്രസിനെ കുടുക്കാനുള്ള വൃത്തികെട്ട ഉത്സാഹമാണ് കോടിയേരിക്കെന്നും ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു.

ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ് :

”കായംകുളത്ത് നടന്നത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് മന്ത്രി ജി സുധാകരനും പോലീസും.

വ്യാജ പ്രചരണം, കൊടിയേരി മാപ്പ് പറയണം.

പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടതിലെ ദു:ഖമല്ല, കോൺഗ്രസിനെ കുടുക്കാനുള്ള വൃത്തികെട്ട ഉത്സാഹമാണ് കൊടിയേരിക്ക്”

 

കഴിഞ്ഞ ദിവസമായിരുന്നു സിയാദിനെ നാലംഗ സംഘം വധിക്കുന്നത്. പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്നാണ് കായംകുളം പൊലീസിന്‍റെ നിഗമനം. കാറിലും ബൈക്കിലുമായെത്തിയവരാണ് കൊലപാതകം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. സുഹൃത്തുക്കളുമായി സംസാരിച്ചുനിന്ന സിയാദിനെ ബൈക്കിലെത്തിയ സംഘം രണ്ട് തവണ കഠാര കൊണ്ട് കുത്തുകയായിരുന്നു. മത്സ്യ വ്യാപാരം കഴിഞ്ഞ വീട്ടിലെത്തിയ സിയാദ് ഭാര്യ ഖദീജ നല്‍കിയ ഭക്ഷണപ്പൊതി കൊവിഡ് ക്വാറന്‍റൈന്‍ കേന്ദ്രത്തിലെത്തിച്ച് തിരികെ വരുമ്പോഴായിരുന്നു സംഭവം.