കാലാവധി കഴിഞ്ഞിട്ടും 6 പേർ സിന്‍ഡിക്കേറ്റ് അംഗങ്ങളായി തുടരുന്നു; നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ്: ഗവർണർക്ക് നിവേദനം നല്‍കി സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ന്‍ കമ്മിറ്റി

Jaihind Webdesk
Friday, February 10, 2023

 

കോട്ടയം: ഡോ. എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി 6 പേർ സിൻഡിക്കേറ്റ് അംഗങ്ങളായി തുടരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുൻ എംപി ഡോ. പി.കെ ബിജുവിന്‍റെ നേതൃതത്തിലുള്ള ആറ് അംഗ സംഘമാണ് കാലാവധി കഴിഞ്ഞിട്ടും സർവകലാശാലയിൽ തുടരുന്നത്.

അഡ്വ. ഐ സാജു, ഡോ. ബി.എസ് ജമുന, വിനോദ് കുമാർ ജേക്കബ്, ജി സഞ്ജീവ്, എസ് വിനോദ് മോഹൻ തുടങ്ങിയവർ ആണ് സിൻഡിക്കേറ്റ് അംഗങ്ങളായി തുടരുന്നത്. രണ്ട് തവണ ഓർഡിനൻസ് കൊണ്ടുവന്നിരുന്നു. എന്നാൽ ഇതിൽ ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് ഓർഡിനൻസ് ലാപ്സ് ആയതിന് പിന്നാലെയാണ് കഴിഞ്ഞ ഒന്നേകാൽ വർഷമായി ഇവർ സിൻഡിക്കേറ്റ് അംഗങ്ങളായി തുടരുന്നത്. നിയമവിരുദ്ധമായി ഇവർ തുടരുന്നത് സർവകലാശാലയിലെ വൈസ് ചാൻസിലർ അടക്കമുള്ളവരുടെ അനുമതിയോടെയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അതേസമയം കഴിഞ്ഞ ഒരുവർഷത്തിലേറെയായി സാങ്കേതിക സർവകലാശാലയിൽ അനധികൃതമായി സിൻഡിക്കേറ്റ് അംഗങ്ങളായി തുടരുന്ന ആറുപേരെ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെ ട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും സുപ്രീം കോടതി വിധിയെ തുടർന്ന് പുറത്താക്കപ്പെട്ട മുൻ വിസി യുടെയും ഒത്താശയോടെയാണ് ഇവരെ തുടരാൻ അനുവദിച്ചതെന്നും ഈ കാലയളവിൽ ഇവർ കൈക്കൊണ്ട തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്നും ഈ കാലയളവിൽ വാങ്ങിയ സാമ്പത്തിക ആനുകൂല്യങ്ങൾ തിരിച്ചു പിടിക്കണമെന്നും ഗവർണർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.