വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരണം : തീരുമാനം ഇന്ന്; രണ്ടാം ഘട്ടത്തിലും ആറ് വിമാനത്താവളങ്ങള്‍ പരിഗണനയില്‍

Jaihind News Bureau
Wednesday, August 19, 2020

6 വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഇന്ന്. വിഷയം ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രി സഭ പരിഗണിക്കും. കോർപറേറ്റ് മുതലാളിമാർക്ക് വിമാനത്താവളങ്ങൾ തീറെഴുതാനാണ് കേന്ദ്ര സർക്കാർ ശ്രമം എന്ന വിമർശനമാണ് ഉയരുന്നത്. ആദ്യ ഘട്ടത്തിൽ 6 വിമാനത്താവളങ്ങൾ കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരിച്ചിരുന്നു.

വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട സ്വകാര്യ വത്കരണമാണ് നടക്കാൻ പോകുന്നത്. എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദ്ദേശം പ്രകാരമാണ് 6 വിമാനത്താവളങ്ങളാണ് രണ്ടാം ഘട്ടത്തിൽ സ്വകാര്യവത്കരിക്കുന്നത്. അമൃത്സർ, വാരാണസി, ഭുവനേശ്വർ, ഇൻഡോർ, റായ്പുർ, ത്രിച്ചി എന്നിവയാണ് സ്വകാര്യവത്കരിക്കാൻ പോകുന്ന വിമാനത്താവളങ്ങൾ. സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭ പരിശോധിക്കും എന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. പി പി പി മോഡലിലാണ് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുന്നത്.

2018 ലാണ് ലഖ്‌നൗ, അഹമ്മദാബാദ്, ജയ്പൂർ, മംഗളൂരു, തിരുവനന്തപുരം, ഗുവാഹത്തി വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാൻ സർക്കാർ തീരുമാനിച്ചത്. തുടർന്ന് നടന്ന ലേലത്തിൽ ആറ് വിമാനത്താവളങ്ങളും അദാനി ഗ്രുപ്പ് സ്വന്തമാക്കി. 2020 ഫെബ്രുവരി 14 ന് അഹമ്മദാബാദ്, മംഗളൂരു, ലഖ്‌നൗ എന്നീ മൂന്ന് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ്, എയർ പോർട്ട് അതോറിട്ടി ഓഫ് ഇന്ത്യയുമായി കരാർ ഒപ്പിട്ടു. വിമാനത്താവളങ്ങൾ കോർപ്പറേറ്റ് മുതലാളിമാർക്ക് തീറെഴുതാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന വിമർശനം ശക്തമാണ്. ലാഭത്തിൽ പോകുന്ന വിമനത്താവളങ്ങളാണ് ഇത്തരത്തിൽ കേന്ദ്ര സർക്കാർ കോർപറേറ്റ് മുതലാളിമാർക്ക് തീറെഴുത്തുന്നത്.