സുരേന്ദ്രനെ വിമർശിച്ചതിന് ആറ് പേരെ ബിജെപിയില്‍ നിന്ന് പുറത്താക്കി; നേതാക്കളുടെ കോലം കത്തിച്ച് പ്രവർത്തകരുടെ പ്രതിഷേധം

Saturday, August 7, 2021

കൊച്ചി : സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെതിരെ പരസ്യ വിമർശനം നടത്തിയതിന് എറണാകുളം ബിജെപിയില്‍ അച്ചടക്ക നടപടി. കൊടകര കുഴല്‍പ്പണക്കേസിലുള്‍പ്പെടെ സുരേന്ദ്രനെതിരെ വിമർശനം ഉന്നയിച്ച യുവമോര്‍ച്ച മുന്‍ സംസ്ഥാന സമിതി അംഗവും ജില്ലാ ഭാരവാഹികളും ഉള്‍പ്പെടെ ആറ് പേരെ പാർട്ടിയില്‍ നിന്ന് പുറത്താക്കി. അതേസമയം പാർട്ടി നേതാക്കളുടെ കോലം കത്തിച്ച് പുറത്താക്കപ്പെട്ടവർ പ്രതിഷേധിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ സുരേന്ദ്രനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റുകളായി എത്തിയിരുന്നു. ശോഭാ സുരേന്ദ്രന്‍ വിഷയം, കൊടകര കുഴല്‍പ്പണക്കേസ് എന്നിവയിലെ അഭിപ്രായങ്ങള്‍ വിമർശനങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെ പേരെടുത്ത് പറഞ്ഞും ആക്ഷേപിച്ചും പോസ്റ്റുകള്‍ വന്നു.  ഇക്കാര്യങ്ങളിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫണ്ടില്‍ സുതാര്യതയില്ലെന്നും വോട്ട് കച്ചവടം നടന്നുവെന്നും ഇവര്‍ പോസ്റ്ററുകളിലൂടെ ആരോപിച്ചിരുന്നു.

കൊടകര കുഴല്‍പ്പണക്കേസില്‍ കെ സുരേന്ദ്രനെതിരെ ഫേസ്ബുക്കില്‍ നിരവധി പോസ്റ്റുകളിട്ട യുവമോര്‍ച്ചാ മുന്‍സംസ്ഥാന സമിതി അംഗം ആര്‍ അരവിന്ദന്‍, ബിജെപി ജില്ലാ മുന്‍ വൈസ് പ്രസി‍‍ന്‍റ് എം.എന്‍ ഗംഗാധരന്‍, കോതമംഗലം മണ്ഡലം മുന്‍ പ്രസി‍ന്‍റ് പി.കെ ബാബു, മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെ ആറ് പേരെയാണ് പാർട്ടിയില്‍ നിന്ന് പുറത്താക്കിയത്. പുറത്താക്കിക്കൊണ്ടുള്ള കെ സുരേന്ദ്രന്‍റെ കത്ത് വന്നതോടെ പുറത്താക്കപ്പെട്ട പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പാര്‍ട്ടി നേതാക്കളുടെ കോലം കത്തിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ പാര്‍ട്ടിനേതാക്കള്‍ക്കതിരെ മണ്ഡലത്തില്‍ പോസ്റ്റര്‍ പതിച്ചതിനാണ് നടപടിയെന്നാണ്  ഔദ്യോഗിക പക്ഷത്തിന്‍റെ വിശദീകരണം.