തൃശൂരില്‍ ഒരു കോടി രൂപയുടെ മയക്കുമരുന്നുമായി ആറ് പേർ പിടിയില്‍; പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം

Tuesday, June 7, 2022

തൃശൂർ: ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന ഒരു കിലോ ഹാഷിഷ് ഓയിലുമായി ആറു പേര്‍ തൃശൂരില്‍ പോലീസിന്‍റെ പിടിയിലായി. തൃശൂർ സിറ്റി ലഹരിവിരുദ്ധ സ്ക്വാഡും ഈസ്റ്റ് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഒരു കോടി രൂപ വില വരുന്ന മയക്കുമരുന്ന് ഇവരിൽനിന്നും കണ്ടെടുത്തു.

തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നുമാണ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. മലപ്പുറം പാവിട്ടപ്പുറം സ്വദേശി മുഹമ്മദ് ഷഫീക്ക്, കുന്നംകുളം ചിറമനേങ്ങാട് സ്വദേശി മഹേഷ്, കുന്നംകുളം അഞ്ഞൂർ സ്വദേശികളായ സ്വദേശി ശരത്ത്, ജിതിൻ, തിരുവനന്തപുരം കിളിമാനൂർ സ്വദേശി ആദർശ്, കൊല്ലം നിലമേൽ സ്വദേശി വരാഗ് എന്നിവരാണ് പിടിയിലായത്.

അറസ്റ്റിലായ പ്രതികൾ കുന്നംകുളം, പെരുമ്പിലാവ്, ചാവക്കാട് മേഖലകളിൽ ലഹരിമരുന്ന് ചില്ലറ വിൽപ്പന നടത്തിവരുന്നവരാണ്. പിടിയിലായവർ ഇതിനുമുമ്പും പലതവണ ലഹരിക്കടത്തിന് പിടിക്കപ്പെട്ടിട്ടുള്ളവരാണ്. ഷഫീക്ക്, മഹേഷ് എന്നിവർ ചങ്ങരംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ മുനീബ് എന്നയാളെ 2021ൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതികളും ജാമ്യത്തിൽ ഇറങ്ങിയവരുമാണ്. ശരത് വടക്കേക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 2021ൽ പ്രണവ് എന്നയാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രധാന പ്രതിയാണ്.