സ്വപ്നയുമൊത്ത് ശിവശങ്കർ നടത്തിയ യാത്രകള്‍ ഔദ്യോഗികം തന്നെ ; രേഖകള്‍ പുറത്ത്

Jaihind News Bureau
Tuesday, August 18, 2020

 

സ്വപ്നയ്ക്ക് ഒപ്പം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ നടത്തിയ വിദേശയാത്രകൾ ഔദ്യോഗിക ആവശ്യങ്ങൾക്കെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. 2017 ഏപ്രിലിൽ സ്മാർട്ട് സിറ്റി പദ്ധതിക്കായും 2018 ഏപ്രിലിൽ നിക്ഷേപ സംഗമത്തിൽ പങ്കെടുക്കാനും  ദുബായ് സന്ദർശിക്കാനാണ് സർക്കാർ അനുമതി നൽകിയത്.

എൻഫോഴ്മെന്‍റിന് എം ശിവശങ്കർ നൽകിയ മൊഴിയനുസരിച്ച് 2017 ഏപ്രിലിലായിരുന്നു സ്വപ്നയ്ക്കൊപ്പം ആദ്യം യു.എ.ഇയിൽ പോയത്. ഏപ്രിൽ 10 മുതൽ 13 വരെ ദുബായ് സന്ദർശിക്കാൻ അനുമതി നൽകിക്കൊണ്ട് ഏപ്രില്‍ മൂന്നാം തീയതിയാണ് സർക്കാർ ഉത്തരവിറക്കിയത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ തുടർനടപടികളായിരുന്നു സന്ദർശന ഉദ്ദേശം. 2018 ഏപ്രിലിലായിരുന്നു രണ്ടാമത്തെ യാത്ര. ഏപ്രിൽ 9 മുതൽ 11 വരെ ദുബായിൽ നടന്ന എട്ടാമത് വാർഷിക നിക്ഷേപ സംഗമത്തിൽ പങ്കെടുക്കുന്നതിന് ജി.എ.ഡി പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഐ.ടി സെക്രട്ടറി എം ശിവശങ്കർ എന്നിവർക്ക് സർക്കാർ അനുമതി നല്‍കി. ഐടി കമ്പനികളുമായി ചർച്ച നടത്താൻ ഏപ്രിൽ 12 മുതൽ 15 വരെ ഒമാൻ സന്ദർശനത്തിനും അനുമതി നൽകി. മടക്കയാത്രയില്‍ സ്വപ്നയും ഒപ്പമുണ്ടായിരുന്നു എന്നാണ് എന്‍ഫോഴ്സ്മെന്‍റ് കണ്ടെത്തിയത്.

2018 ഒക്ടോബറിൽ പ്രളയ ദുരിതാശ്വാസം തേടിയുള്ള മുഖ്യമന്ത്രിയുടെ സംഘത്തിലും ശിവശങ്ക‍ര്‍ ഉണ്ടായിരുന്നു. ഈ യാത്രയിൽ സ്വപ്നയും ഉണ്ടായിരുന്നുവെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ‍‍ഔദ്യോഗിക യാത്രകൾ സ്വപ്നയെ കൂടെ കൂട്ടി എന്ന് വ്യക്തമായ സാഹചര്യത്തിലാണ് ശിവശങ്കറിനെ വീണ്ടും  ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്‍റ് ഒരുങ്ങുന്നത്.

 

teevandi enkile ennodu para