മുന്‍കൂർ ജാമ്യംതേടി ശിവശങ്കർ ഹൈക്കോടതിയിലേക്ക് ; നടപടി കടുപ്പിക്കാന്‍ കസ്റ്റംസും

 

 

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ശിവശങ്കറിനായി അഭിഭാഷകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തയ്യാറാക്കി. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കള്ളക്കടത്ത്, ഡോളര്‍ ഇടപാട്, ഈന്തപ്പഴവും മതഗ്രന്ഥങ്ങളും കടത്തിയ കേസുകളിലാണ് ഹര്‍ജി നല്‍കുക. ശിവശങ്കറിന്‍റെ ഹര്‍ജി വന്നാല്‍ ശക്തമായി എതിര്‍ക്കാനാണ് കസ്റ്റംസ് നീക്കം.

അതേസമയം ശിവശങ്കറിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ.  നടുവിനും കഴുത്തിനും വേദനയെന്ന് പറഞ്ഞ ശിവശങ്കറിനെ വിവിധ പരിശോധനകള്‍ക്ക് വിധേയമാക്കിയെങ്കിലും ഗുരുതര പ്രശ്നങ്ങള്‍ കാണാത്തതിനാല്‍ വിശ്രമം നിര്‍ദേശിച്ച് ഡിസ്ചാര്‍ജ് ചെയ്തേക്കും.  ശിവശങ്കറിന്‍റെ ആരോഗ്യപുരോഗതിയെക്കുറിച്ച്  ഡോക്ടർമാരോടും   മെഡിക്കൽ ബോർഡിനോടും  കസ്റ്റംസ് വിവരങ്ങൾ തേടുകയാണ്.

ശിവശങ്കറിന്‍റെ ആരോഗ്യവിവരം സംബന്ധിച്ച ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിൻ ലഭ്യമാക്കാനാണ് കസ്റ്റംസ് നീക്കം. എന്നാൽ നടുവേദനയുണ്ടെന്ന് ശിവശങ്കർ ആവർത്തിച്ച് പറയുന്നതോടെ കസ്റ്റംസിന്‍റെ മെഡിക്കൽ സംഘം നേരിട്ടെത്തി  പരിശോധിക്കാനും സാധ്യതയുണ്ട്. അതിനിടെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതിന്‍റെ ഭാഗമായാണ് ആശുപത്രി പരിസരത്ത് സുരക്ഷയൊരുക്കാന്‍ സി.ആർ.പി എഫ് സംഘത്തിന്‍റെ സഹായം കസ്റ്റംസ് തേടിയതെന്ന വാദവും ബലപ്പെടുകയാണ്.

Comments (0)
Add Comment