
തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതി ആശുപത്രിയില്‍ നിന്നുള്ള അണുബാധയെ തുടര്‍ന്ന് മരിച്ചെന്ന പരാതിയില്‍ ആരോഗ്യവകുപ്പ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. 26 വയസ്സുകാരിയായ കരിക്കകം സ്വദേശിനി ശിവപ്രിയയാണ് മരിച്ചത്. കഴിഞ്ഞ മാസം 22-നായിരുന്നു പ്രസവം. അതിനുശേഷം ആശുപത്രിയില്‍ നിന്ന് അണുബാധയുണ്ടായതാണ് മരണകാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം. തുടര്‍ച്ചയായി ചികിത്സാ പിഴവുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍, സ്വാഭാവിക നടപടിയെന്ന പേരിലാണ് ആരോഗ്യവകുപ്പ് അതിവേഗ അന്വേഷണത്തിന് ഒരുങ്ങുന്നത്.
ഈ പരാതി അന്വേഷിക്കുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് പുറത്തുനിന്നുള്ള വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതിയെ നിയോഗിക്കും. ക്രിട്ടിക്കല്‍ കെയര്‍, ഇന്‍ഫെക്ഷന്‍ ഡിസീസ്, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിലെ മേധാവിമാരെയും ഒരു ഡെര്‍മറ്റോളജി വിദഗ്ദ്ധനെയും ഉള്‍പ്പെടുത്തിയായിരിക്കും അന്വേഷണ സംഘം രൂപീകരിക്കുക. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഇന്നലെ മരിച്ച ശിവപ്രിയയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.