ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി പുനഃരാരംഭിക്കാൻ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തുവരണം: തമ്പാനൂര്‍ രവി

Jaihind News Bureau
Saturday, June 27, 2020

 

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ബി.ജെ.പി, എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ അട്ടിമറിച്ച ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി നടപ്പാക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി പറഞ്ഞു. ഒ.ബി.സി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം മത്സരിച്ച് കേരളം ആവേശകരമായി സ്വീകരിച്ച ഈ പദ്ധതിയെ ഇല്ലാതാക്കുകയാണു ചെയ്തത്. ചക്കളത്തിപ്പോരാട്ടം നടത്തി ഇല്ലാതാക്കിയ ശിവിഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി പുന:രാരംഭിക്കാന്‍ ഇരുസര്‍ക്കാരുകളും അടിയന്തരമായി മുന്നിട്ടിറങ്ങണം.കേന്ദ്രം സര്‍ക്കാര്‍ 69.47 കോടി രൂപയുടെ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്. ഒപ്പം കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ആരാധനാലയങ്ങളെ ഉള്‍പ്പെടുത്തി 85.23 കോടി രൂപ ചെലവഴിച്ച് നടത്തുമെന്ന പ്രഖ്യാപിച്ച തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതിയും റദ്ദാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളും നടന്നുവരികയായിരുന്നു.

2019 ഫെബ്രുവരി പത്തിന് സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനോദ്ഘാടനം കഴിഞ്ഞ ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതിയാണ് ഒന്നര വര്‍ഷമായപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. കേരളവും ശ്രീനാരായണഗുരു ഭക്തരും ഏറെ വിഷമത്തോടെയാണ് ഈ തീരുമാനം കേട്ടത്.

ഐടിഡിസി മുഖേന നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പദ്ധതിയായിരുന്നു ഇത്. കേന്ദ്രം അംഗീകരിച്ച പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പിന്നീട് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ വഴി പദ്ധതി നടപ്പാക്കണം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.ശിവഗിരി മഠം, ചെമ്പഴന്തി ഗുരുകുലം, കുന്നുംപാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അരുവിപ്പുറം ക്ഷേത്രം എന്നീ ഗുരുദേവ കേന്ദ്രങ്ങളുടെ വികസനമാണ് വിഭാവനം ചെയ്തിരുന്നത്. ശ്രീനാരായണ ഗുരു സൂക്തങ്ങള്‍ കൂടുതല്‍ മിഴിവോടെ പ്രചരിപ്പിക്കാന്‍ ഈ പദ്ധതി യാഥാര്‍ത്ഥ്യമായെങ്കില്‍ സാധിക്കുമായിരുന്നു.കേരളത്തിന്റെ ആധ്യാത്മിക ഗുരുവായി കരുതപ്പെടുന്ന ശ്രീനാരായണ ഗുരുദേവന്റെയും ആധ്യാത്മിക ഗോപുരമായി അറിയപ്പെടുന്ന ശിവഗിരിയുടെയും പ്രാധാന്യം തെല്ലും തിരിച്ചറിയാതെയാണ് പദ്ധതിയെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇല്ലാതാക്കിതെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

ഒ ബി സി.കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍ പി.സുഭാഷ് ചന്ദ്ര ബോസ് അദ്ധ്യക്ഷത വഹിച്ചു.കമ്പറ നാരായണന്‍, പ്രൊഫസര്‍ സുശീല ടീച്ചര്‍, റോസ് ചന്ദ്രന്‍ ,വെഞ്ഞാറമ്മൂട് ഷാജി, പാളയം അബ്ദുല്‍ മജീദ്, കാലടി സുരേഷ്, വാമനപുരം സാബു, ജയരാമന്‍, മേരി പുഷ്പം, തമലം സുരേന്ദ്രന്‍, മുത്തുസ്വാമി, യൂസഫ് അമ്പലത്തറ, പാളയം സുധീര്‍ രാജ്, കരമന കൃഷ്ണകുമാര്‍ ,പ്രേം രഞ്ജിത് ,പഴഞ്ചിറ മാഹീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.