മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിന് ലോക്സഭ അംഗീകാരം നല്‍കി. വ്യാഴാഴ്ച പുലര്‍ച്ചെ വഖഫ് ബില്‍ പാസാക്കിയതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന അവതരിപ്പിച്ചത്. നേരം വൈകിയുള്ള പ്രമേയാവതരണത്തില്‍ പ്രതിപക്ഷം കര്‍ശനമായ വിമര്‍ശനം ഉന്നയിച്ചു.
മണിപ്പൂരിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുവെന്ന് അമിത് ഷാ വ്യക്തമാക്കി. കഴിഞ്ഞ നാല് മാസത്തിനിടെ സംസ്ഥാനത്ത് വലിയ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മെയ്തെയ്, കുക്കി വിഭാഗങ്ങളുമായി സമാധാനപരമായ ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
‘നിലവില്‍ മണിപ്പൂരിലെ സാഹചര്യങ്ങള്‍ ശാന്തമാണെങ്കിലും ക്യാമ്പുകളില്‍ കഴിയുന്ന ജനങ്ങളുടെ ദുരിതം അവഗണിക്കാന്‍ കഴിയില്ലെന്ന് ഷാ അഭിപ്രായപ്പെട്ടു. 2023 മെയ് മാസത്തില്‍ ആരംഭിച്ച കലാപത്തില്‍ 260 പേര്‍ കൊല്ലപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി, ഇതില്‍ 80% പേരും ആദ്യ മാസത്തിനുള്ളില്‍ തന്നെ കൊല്ലപ്പെടുകയായിരുന്നു.
മണിപ്പൂരിലെ സ്ഥിതിഗതികള്‍ തകര്‍ച്ചയിലാണെന്നും അവിടത്തെ ജനങ്ങള്‍ വലിയ പ്രതിസന്ധിയിലാണെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി. സാംസ്‌കാരികമായി സമ്പന്നമായ ഭൂമിയാണ് മണിപ്പൂര്‍, എന്നാല്‍ ഇന്ന് അത് സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും തരൂര്‍ വ്യക്തമാക്കി.