സിസ്റ്റര്‍ ലൂസി കളപ്പുരയെ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷന് (എഫ്.സി.സി) സന്യാസിസഭയില്‍ നിന്ന് പുറത്താക്കി. മേയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം. പത്ത് ദിവസത്തിനകം സഭയില്‍നിന്ന് പുറത്തുപോകണമെന്നാണ് സൂപ്പീരിയര്‍ ജനറലിന്റെ നിർദേശം. അതേസമയം പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്ന് സിസ്റ്റർ ലൂസി കളപ്പുര പ്രതികരിച്ചു.
ലൂസി കളപ്പുരയ്ക്ക് നല്കിയ കാരണം കാണിക്കൽ നോട്ടീസില്‍ സഭയെ തൃപ്തിപ്പെടുത്തുന്ന വിശദീകരണം നല്കുന്നതില് സിസ്റ്റര്‍ പരാജയപ്പെട്ടെന്നാണ് സഭയുടെ വിശദീകരണം. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടന്ന സമരത്തില്‍ പങ്കെടുത്തു, വിലക്ക് മറികടന്ന് തുടർച്ചയായി മാധ്യമങ്ങൾക്ക് അഭിമുഖം നൽകി, ദാരിദ്ര്യവ്രതം പാലിക്കാതെ സ്വന്തമായി കാർ വാങ്ങി, ശമ്പളം മഠത്തിലേക്ക് നൽകിയില്ല, അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച് അനാവശ്യചെലവുണ്ടാക്കി, വസ്ത്രധാരണച്ചട്ടം ലംഘിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് ലൂസി കളപ്പുരക്കെതിരെ സഭ ഉന്നയിച്ചിരുന്നത്.
മെയ് 11 ന് ഡല്‍ഹിയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സിലിലാണ് തീരുമാനമുണ്ടായത്. അതേസമയം സഭയില്‍ നിന്ന് പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര അറിയിച്ചു.