ഫാ. കുര്യാക്കോസിന്‍റെ ശവസംസ്കാരത്തിനെത്തിയ സിസ്റ്റര്‍ അനുപമയ്ക്കെതിരെ പ്രതിഷേധം

പഞ്ചാബില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാ.  കുര്യാക്കോസ് കാട്ടുതറയുടെ ശവസംസ്‌കാര ചടങ്ങിനെത്തിയ സിസ്റ്റര്‍ അനുപമയ്‌ക്കെതിരെ ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധം. ചേര്‍ത്തല പള്ളിപ്പുറം സെന്‍റ് മേരീസ് പള്ളി പരിസരത്താണ് സംഭവം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ നടന്ന സമരത്തിന്‍റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന കന്യാസ്ത്രീയാണ് സിസ്റ്റര്‍ അനുപമ.

വൈകിട്ട് നാലരയോടെയാണ് ഫാ. കാട്ടുതറയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കായി അവര്‍ മറ്റ് ചില കന്യാസ്ത്രീകള്‍ക്കൊപ്പം ചേര്‍ത്തലയില്‍ എത്തിയത്. പള്ളിമുറ്റത്ത് വെച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ തുടങ്ങുമ്പോഴാണ് ഒരുവിഭാഗം ജനങ്ങള്‍ അവരെ തടയുകയും പ്രതിഷേധിക്കുകയും ചെയ്തത്. പള്ളിയുടെ ഗേറ്റിന് ഉള്ളില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞതോടെ അനുപമ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി.

വളരെ പ്രിയപ്പെട്ട ആളായിരുന്നു ഫാദര്‍ കുര്യാക്കോസ് കാട്ടുതറ എന്നും പഞ്ചാബ് രൂപതയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചവരാണെന്നും പറഞ്ഞ് സിസ്റ്റര്‍ വികാരാധീനയായെങ്കിലും പ്രതിഷേധക്കാര്‍ പിന്‍വാങ്ങാന്‍ തയാറായില്ല. സിസ്റ്റര്‍ മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണ് മാധ്യമങ്ങളോട് സംസാരിക്കാന്‍ തയാറായതെന്ന രീതിയിലാണ് പ്രതിഷേധക്കാര്‍ നിലകൊണ്ടത്. കരഞ്ഞുകാണിച്ചതുകൊണ്ടൊന്നും കാര്യമില്ലെന്നും പള്ളിയിലേക്ക് കടത്തിവിടില്ലെന്നും പറഞ്ഞ് പ്രതിഷേധക്കാര്‍ നിലകൊള്ളുകയായിരുന്നു.

ഒടുവില്‍ പള്ളി ഗേറ്റിന് പുറത്തെത്തിക്കഴിഞ്ഞുമാത്രമാണ് സിസ്റ്റര്‍ അനുപമയ്ക്ക് മാധ്യമങ്ങളോട് സംസാരിക്കാനായത്. പ്രതിഷേധക്കാരില്‍ നിന്ന് സിസ്റ്ററെ സംരക്ഷിച്ച് പുറത്തെത്തിച്ച വിശ്വാസികളില്‍ ചിലര്‍ സിസ്റ്റര്‍ക്ക് തങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് പറഞ്ഞ് സമാധാനിപ്പിച്ചാണ് അവരെയും മറ്റ് കന്യാസ്ത്രീകളെയും യാത്രയാക്കിയത്.

bishop franco mulakkalFr Kuriakose Kattutharasister anupama
Comments (0)
Add Comment