കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി; മേയ് 10ന് വോട്ടെടുപ്പ്, 13ന് വോട്ടെണ്ണല്‍

Jaihind Webdesk
Wednesday, March 29, 2023

 

ന്യൂഡൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്തും. മേയ് 10നാണ് 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മേയ് 13നാണ് വോട്ടെണ്ണല്‍. 5.21കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 2,62,42,561 പുരുഷന്മാരും 2,59,26,319 സ്ത്രീകളും 4,699 ട്രാൻസ്ജെൻ‌ഡർമാരുമാണ്. ഭിന്നശേഷിക്കാർക്കും 80 വയസിനു മുകളിൽ പ്രായമുള്ളവർക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. അതേസമയം വയനാട് ഉപതിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് പ്രഖ്യാപനമുണ്ടായില്ല.

9.17 ലക്ഷം പുതിയ വോട്ടർമാരാണ് ഇത്തവണ സംസ്ഥാനത്തുള്ളത്. ഏപ്രിൽ ഒന്നിന് പതിനെട്ട് വയസ് തികയുന്നവർക്കും വോട്ട് ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്തുടനീളം 58,282 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. നിലവിലെ കർണാടക നിയമസഭയുടെ കാലാവധി മേയ് 24നാണ് അവസാനിക്കുന്നത്. ബിജെപി – 118 , കോൺഗ്രസ്– 72, ജെഡിഎസ്– 32 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.