ഗ്വാങ്ചൗ: ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യന്‍ താരം പി വി സിന്ധുവിന് കിരീടം. ഫൈനലില്‍ ഏഴാം സീഡായ ജപ്പാന്റെ നൊസോമി ഒക്കുഹാരയെയാണ് സിന്ധുകീഴടക്കിയത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം കിരീടം സ്വന്തമാക്കുന്നത്. ഫൈനലുകളില്‍ ജയിക്കാന്‍ കഴിയുന്നില്ല എന്ന വിമര്‍ശനത്തിന് മറുപടികൂടിയാണ് സിന്ധുവിന്റെ നേട്ടം.
രണ്ട് സെറ്റ് നീണ്ട മത്സരത്തിന്റെ ആദ്യ സെറ്റിന്റെ തുടക്കം മുതൽ സിന്ധു ആദിപത്യം സ്ഥാപിച്ചെങ്കിലും പിന്നീട് ഓകുഹാര ശക്തമായ വെല്ലുവിളിയാണ് ഉയർത്തിയത്. ഒടുവിൽ ആദ്യ സെറ്റ് 21-19ന് സിന്ധു സ്വന്തമാക്കുകയായിരുന്നു. രണ്ടാം സെറ്റിന്റെയും തുടക്കം മുതൽക്കെ മേൽകൈ നേടാൻ സിന്ധുവിനായെങ്കിലും മികച്ച വെല്ലുവിളി തന്നെയാണ് ഓകുഹാര നടത്തിയത്. ഒടുവിൽ സിന്ധുവിന്റെ കരുത്തിനു മുന്നിൽ 21-17ന് അടിയറവു പറയുകയായിരുന്നു. ഇതോടെ ബാഡ്മിന്റണ്‍ വേൾഡ് ടൂർ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി പി.വി.സിന്ധു.
ടുർണമെന്റിന്റെ തുടക്കം മുതൽ മികച്ച ഫോമിൽ കളിക്കുന്ന സിന്ധു ഗ്രൂപ്പ് ഘട്ടത്തിൽ ലോക ഒന്നും രണ്ടും സ്ഥാനക്കാരായ തായ് സുയിങിനെയും അകാനെ യമാഗൂച്ചിനെയും പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്. ഇത് സിന്ധുവിന്റെ കരിയറിലെ പതിനൊന്നാമത്തെ കിരീടമാണ്. 2017ലെ കൊറിയൻ ഓപ്പണിലാണ് സിന്ധു അവസാനമായി കിരീടം നേടിയത്. 2018ലെ ഇന്ത്യൻ ഓപ്പൺ, കോമൺവെൽത്ത് ഗെയിംസ്, തായ് ലാൻഡ് ഓപ്പൺ, വേൾഡ് ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഗെയിംസ് എന്നിവയിലെല്ലാം സിന്ധു ഫൈനലിൽ എത്തിയിരുന്നെങ്കിലും കിരീടം നേടാൻ കഴിഞ്ഞില്ല. ആ കത്തിരിപ്പിനാണ് ഇപ്പോൾ ഗ്വാങ്ചൗവിൽ വിരാമം ആയത്.