സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

Jaihind Webdesk
Monday, December 31, 2018

 

സിപിഎം നേതാവും മുന്‍ എംഎല്‍എയുമായിരുന്ന സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. 64 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 2006 മുതല്‍ 2011 വരെ ആംഗ്ലോ ഇന്ത്യന്‍ നോമിനേറ്റഡ് അംഗമായി കേരള നിയമസഭയുടെ ഭാഗമായി.

രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്ന ബ്രിട്ടോ തുറന്ന വിര്‍ശനങ്ങളിലൂടെയും വിയോജിപ്പുകളിലൂടെയും ശ്രദ്ധ പിടിച്ചു പറ്റി. സിപിഎമ്മില്‍ ഉറച്ചുനില്‍ക്കുമ്പോളും സിപിഎം ആരോപണവിധേയരായ ടിപി ചന്ദ്രശേഖരന്‍ വധത്തെയടക്കം അപലപിച്ചു. മഹാരാജാസ് കോളേജില്‍ എതിര്‍ വിദ്യാര്‍ത്ഥി സംഘടനകളാല്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യു, ബ്രിട്ടോയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതികളായ കേസിലെ പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് അതൃപ്തി ബ്രിട്ടോ പ്രകടിപ്പിച്ചിരുന്നു.