സില്‍വർലൈന്‍ ജനകീയ സംവാദത്തില്‍ പദ്ധതിക്കെതിരെ രൂക്ഷ വിമർശനം; പങ്കെടുത്ത് അലോക് വർമ്മയും ജോസഫ് സി മാത്യുവും ഉള്‍പ്പെടെയുള്ളവർ

Jaihind Webdesk
Wednesday, May 4, 2022

 

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയിൽ ജനകീയ സമിതി സംഘടിപ്പിച്ച ജനകീയ സംവാദം തിരുവനന്തപുരത്ത് നടന്നു. കെ റെയിൽ സംഘടിപ്പിച്ച സംവാദത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട ജോസഫ് സി മാത്യുവും സംവാദത്തിൽ നിന്ന് വിട്ടുനിന്ന അലോക് കുമാർ വർമയും ശ്രീധർ രാധാകൃഷ്ണനും ജനകീയ സംവാദത്തിൽ പങ്കെടുത്തു. സംവാദത്തിൽ പങ്കെടുത്ത എല്ലാവരും സിൽവർലൈൻ കല്ലിടലിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.

കെ റെയിൽ – സിൽവർ ലൈൻ പദ്ധതി അനിവാര്യമോ എന്ന ചോദ്യം ഉന്നയിച്ചാണ് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച  ജനകീയ സംവാദം നടന്നത്. കെ റെയിൽ സംഘടിപ്പിച്ച സംവാദത്തിൽ ഒഴിവാക്കപ്പെട്ട ജോസഫ് സി മാത്യു, സംവാദത്തിൽ നിന്ന് വിട്ടുനിന്ന പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ, അലോക് കുമാർ വർമ്മ എന്നിവരും ആർ വിജി മേനോനും പദ്ധതിയെ പിന്താങ്ങുന്നവരുടെ പാനലിലും സാങ്കേതിക സർവകലാശാല മുൻ വിസി കുഞ്ചെറിയ പി ഐസക്, ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് എസ്.എൻ രഘുചന്ദ്രൻനായർ എന്നിവർ പദ്ധതിയെ എതിർക്കുന്ന പാനലിലും പങ്കെടുത്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്ണൻ ആയിരുന്നു സംവാദത്തിന്‍റെ മോഡറേറ്റർ. സംവാദത്തിൽ പങ്കെടുത്ത എല്ലാ പാനലിസ്റ്റുകളും പദ്ധതിയുമായി ബന്ധപ്പെട്ട കല്ലിടലിനെ രൂക്ഷമായി വിമർശിച്ചു. ആവേശം കാണിക്കാതെ ജനങ്ങളെ ബോധ്യപ്പെടുത്തിയ ശേഷം സർവേ നടത്തണമെന്ന് പദ്ധതി അനുകൂലിക്കുന്ന കുഞ്ചെറിയ പി ഐസക്കും രഘു ചന്ദ്രൻ നായറും വ്യക്തമാക്കി.

സിൽവർ ലൈൻ പദ്ധതി സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമല്ലെന്നും അടിസ്ഥാന പഠനം പോലും നടത്താതെയാണ് പദ്ധതിയുമായി മുന്നോട്ടു പോകുന്നത് എന്നും അലോക് കുമാർ വർമ്മ പറഞ്ഞു. സില്‍വർലൈന്‍ ശരിയായ ഗതാഗതസംവിധാനം അല്ലെന്നും നിലവിലെ റെയിൽവേ ലൈനുകളുടെ പാത ഇരട്ടിപ്പ് നടത്തുന്നതാണ് പ്രായോഗികമെന്നും ആർവിജി മേനോൻ വ്യക്തമാക്കി. പദ്ധതിയുടെ ബദൽ സംവിധാനങ്ങളിൽ പഠനം വേണമെന്നും അദ്ദേഹം പറഞ്ഞു.

സിൽവർ ലൈൻ പദ്ധതി വരേണ്യ വർഗത്തിന് വേണ്ടി മാത്രമാണെന്നും പദ്ധതി ശക്തമായി എതിർക്കുന്നതായും ജോസഫ് മാത്യു അഭിപ്രായപ്പെട്ടു. സിൽവർലൈൻ വിനാശകരമായ പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ റെയിൽ കോർപറേഷൻ സിൽവർ ലൈൻ പദ്ധതിയുടെ പിറകെ മാത്രമാണെന്നും വികസനം രാഷ്ട്രീയ ഉപകരണമല്ലെന്നും പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ വ്യക്തമാക്കി. പാരിസ്ഥിതികമായും സാമ്പത്തികപരമായും കേരളം കണ്ട ഏറ്റവും വലിയ വിനാശകരമായ പദ്ധതിയാണ് സിൽവർലൈൻ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്നുമണിക്കൂർ നീണ്ട സംവാദത്തിൽ പദ്ധതിയുടെ അപാകതകളും ഡിപിആറിലെ അ പ്രായോഗികതയും ചർച്ച ചെയ്തു. സംവാദത്തിൽ പങ്കെടുത്തവരും അവരുടെ ആശങ്കകൾ പാനലിസ്റ്റുകൾക്ക് മുന്നിൽ പങ്കുവെച്ചു. അതേസമയം ജനകീയ സംവാദത്തിൽ നിന്ന് കെ റെയിൽ വിടുന്നു.