സില്‍വർലൈന്‍ കടുത്ത പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുന്നത്; സ്ഥലം ഏറ്റെടുപ്പ് എന്തടിസ്ഥാനത്തിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, December 8, 2021

പത്തനംതിട്ട : സിൽവർ ലൈൻ പദ്ധതി കേരള സമൂഹത്തെ തലമുറകളോളം കടക്കെണിയിലാക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ നടന്ന യുഡിഎഫ് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

പാരിസ്ഥിതിക ആഘാത പഠനം നടത്താതെയും കേന്ദ്ര അനുമതി ലഭിക്കാതെയും പദ്ധതിക്കായി സ്ഥലം ഏറ്റെടുപ്പ് നടത്തുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കടുത്ത പാരിസ്ഥിതിക പ്രത്യാഘാതത്തിന് ഇടയാക്കുന്ന ഈ പദ്ധതിക്കെതിരെ യുഡിഎഫ് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും. മുല്ലപ്പെരിയാർ വിഷയത്തിലും മുഖ്യമന്ത്രി സംസ്ഥാനത്തിനും ജനങ്ങൾക്കും എതിരായ നിലപാടാണ് സ്വീകരിക്കുന്നത്.

കൊവിഡ് കണക്കുകൾ മറച്ചുവെച്ച് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ലോകം മുഴുവൻ നടന്ന് അവാർഡുകൾ വാങ്ങി. പക്ഷെ യഥാർത്ഥ കണക്ക് പുറത്ത് വന്നപ്പോൾ ഇന്ത്യയിൽ ഏറ്റവുമധികം കൊവിഡ് ബാധയും മരണവും ഉണ്ടായ സംസ്ഥാനമായി കേരളം മാറി. കൊവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബത്തിന് സുപ്രീം കോടതി നിർദേശ പ്രകാരം ലഭ്യമാക്കേണ്ട നഷ്ടപരിഹാരം സംസ്ഥാന സർക്കാർ ഇപ്പോഴും മറച്ചുവെച്ച പതിനയ്യായിരത്തോളം പേരുടെ അവകാശികൾക്ക് കൂടി വാങ്ങി നൽകാൻ യുഡി എഫ് ശക്തമായ ഇടപെടൽ നടത്തുമെന്നും വിഡി സതീശൻ പ്രസംഗത്തിൽ പറഞ്ഞു.

യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാൻ വിക്ടർ ടി തോമസിന്‍റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ യുഡിഎഫ്‌ ചെയർമാൻ എംഎം ഹസൻ, കേരളാ കോൺഗ്രസ് ചെയർമാർ പിജെ ജോസഫ്, പിജെ കുര്യൻ തുടങ്ങിയവർ സംസാരിച്ചു.