സില്‍വർ ലൈന്‍: റെയില്‍വേ ഭൂമി ഏറ്റെടുക്കലിന്‍റെ വിശദാംശങ്ങള്‍ നല്‍കിയെന്ന് കെ റെയില്‍; കിട്ടിയില്ലെന്ന് കേന്ദ്രമന്ത്രി

Jaihind Webdesk
Saturday, December 17, 2022

 

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ ദക്ഷിണ റെയില്‍വേ, റെയില്‍വേ ബോര്‍ഡിന് കൈമാറിയില്ലെന്ന് ആക്ഷേപം. പദ്ധതിക്കായി ഏറ്റെടുക്കേണ്ട റെയില്‍വേയുടെ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ ദക്ഷിണ റെയില്‍വേക്ക് കൈമാറിയതിന്‍റെ രേഖകൾ പുറത്തു വന്നു. എന്നാല്‍ വിവരങ്ങള്‍ കെ റെയില്‍ നല്‍കിയിട്ടില്ല എന്നാണ് കേന്ദ്ര റെയില്‍ മന്ത്രി കഴിഞ്ഞ ദിവസം ലോക്സഭയില്‍ പറഞ്ഞത്.

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഏറ്റെടുക്കേണ്ട റെയില്‍വേ ഭൂമിയുടെ വിശദാംശങ്ങളും റെയില്‍വേ ക്രോസിംഗുകളുടെ വിവരങ്ങളും ഇതുവരെ കൈമാറിയിട്ടില്ല എന്നാണ് കഴിഞ്ഞദിവസം കേന്ദ്ര റെയില്‍ മന്ത്രി അശ്വനി വൈഷ്ണവ് പാര്‍ലമെന്‍റല്‍ നല്‍കിയ മറുപടി. ഇതിനു പിന്നാലെ വി മുരളീധരനും സമാനമായ ആരോപണം ഉന്നയിച്ചു. എന്നാല്‍ പദ്ധതിക്ക് വേണ്ടിവരുന്ന റെയില്‍വേ ഭൂമി സംബന്ധിച്ച് സംയുക്ത സര്‍വേയ്ക്ക് ശേഷം കെ റെയില്‍ ദക്ഷിണ റെയില്‍വേക്ക് നല്‍കിയ റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഓരോ ജില്ലയിലും പദ്ധതിക്ക് വേണ്ടിവരുന്ന റെയില്‍വേ ഭൂമി, കെട്ടിടങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഇതിലുണ്ട്. ക്രോസിംഗുകള്‍ എവിടെയൊക്കെ വരുന്നു എന്ന വിവരവും വ്യക്തമാക്കിയിട്ടുണ്ട്.

9 ജില്ലകളിലായി റെയില്‍വേയുടെ 108 ഹെക്ടര്‍ സ്ഥലമാണ് പദ്ധതിക്കുവേണ്ടത്.  ജൂലൈ 25, 29, ഓഗസ്റ്റ് 01, 10, 16, 20 തീയതികളിലാണ് വര്‍ക്സ് വിഭാഗം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്ക് കത്തുകള്‍ നല്‍കിയിരിക്കുന്നത്.  കത്തുകള്‍ ലഭിച്ചതായി ദക്ഷിണ റെയില്‍വേ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ ഈ കത്തുകള്‍ ഇതുവരെ റെയില്‍വേ ബോര്‍ഡിന് മുന്നില്‍ എത്തിയിട്ടില്ല എന്നാണ് മന്ത്രിയുടെ മറുപടിയില്‍ നിന്ന് വ്യക്തമാകുന്നത്. വിവരങ്ങള്‍ ദക്ഷിണ റെയില്‍വേ വഴി മാത്രമേ കൈമാറാന്‍ സാധിക്കൂ എന്നതിനാലാണ് റെയില്‍വേ ബോര്‍ഡിന് നേരിട്ട് നല്‍കാത്തതെന്നാണ് കെ റെയില്‍ നല്‍കുന്ന വിശദീകരണം. ദക്ഷിണ റെയില്‍വേ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.